മുഖം മിനുക്കി പൊന്മുടി ലോവര്‍ സാനിറ്റോറിയം
 
                                                2.08 കോടി മുടക്കി അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി
ലാന്‍ഡ് സ്‌കേപ്പിംഗ്, കളിക്കളം, ഇരിപ്പിടങ്ങള്‍ എന്നിവ സജ്ജമാക്കി
തിരുവനന്തപുരം : പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ലോവര്‍ സാനിറ്റോറിയത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ നാലരവര്‍ഷത്തിനിടെ കേരളത്തിന്റെ ടൂറിസം രംഗത്തുണ്ടായത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാരണം 25,000 കോടിയുടെ നഷ്ടമാണ് ടൂറിസം രംഗത്തുണ്ടായത്. ഈ രംഗത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന 15 ലക്ഷത്തോളം പേരുടെ തൊഴിലിനെ ഇത് ബാധിച്ചു. എന്നാല്‍ കോവിഡിനെ അതിജീവിച്ച് ടൂറിസം മേഖലയെ വീണ്ടും പഴയ പ്രതാപത്തിലേക്കെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരിസ്ഥിതിയെ ഒരുതരത്തലും പോറലേല്‍പ്പിക്കാതെയാണ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. ടൂറിസം രംഗത്തെ വലിയൊരു കുതിച്ചുചാട്ടത്തിനു മുന്നോടിയായുള്ള മന്ദതയായി കോവിഡിനെ കണ്ടാല്‍മതിയെന്നും സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ടൂറിസം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ച നാലരവര്‍ഷക്കാലമാണ് കടന്നു പോയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാലയളവില്‍ അന്താരാഷ്ട്ര തലത്തിലുള്ളതടക്കം നിരവധി പുരസ്‌കാരങ്ങള്‍ കേരളം സ്വന്തമാക്കി. എന്നാല്‍ കോവിഡ് വലിയ രീതിയില്‍ ടൂറിസം മേഖലയെ ബാധിച്ചു. നിരവധി തൊഴില്‍നഷ്ടങ്ങളും ഇതിലൂടെയുണ്ടായി. ഈ പ്രതിസന്ധിയില്‍ നിന്നും തിരിച്ചുകയറുന്നതിനായി ടൂറിസം മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്നവര്‍ക്ക് 455 കോടിയുടെ വായ്പാ സഹായ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് 25 ലക്ഷം വരെയും തൊഴിലാളികള്‍ക്ക് 30,000 രൂപവരെയും ഇതിലൂടെ വായ്പ ലഭിക്കും. നല്ലകാലത്തെ വരവേല്‍ക്കാന്‍ നല്ല പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊന്മുടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 2.08 കോടി ചെലവഴിച്ചാണ് ലോവര്‍ സാനിറ്റോറിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ കൂട്ടികള്‍ക്കുള്ള കളിക്കളം, ലാന്‍ഡ് സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. അപ്പര്‍ സാനിറ്റോറിയം തിരക്കാകുമ്പോള്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനും സഞ്ചാരികളുമായി വരുന്ന കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി പാര്‍ക്ക് ചെയ്യുന്നതിനും ലോവര്‍ സാനിറ്റോറിയം ഉപയോഗിക്കാനാകും. നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
ഡി.കെ മുരളി എം.എല്‍.എ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്‍, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, വാര്‍ഡ് മെമ്പര്‍ ജിഷ, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവര്‍ സംബന്ധിച്ചു.










