9,00,000 ഹെക്ടറില്‍ തെങ്ങ് കൃഷി വ്യാപിപ്പിക്കും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

post

കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളികേര കൃഷി നിലവിലുള്ള 7 ലക്ഷം ഹെക്ടറില്‍ നിന്നും 9 ലക്ഷം ഹെക്ടറിലേക്കായി വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പത്തുവര്‍ഷത്തേക്കുള്ള സമഗ്ര നാളികേര വികസനപദ്ധതിയായ 'കേര കേരളം സമൃദ്ധ കേരളം' നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 45 ശതമാനം ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരമുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കും.  ഇതിനാവശ്യമായ സാങ്കേതിക സഹായം സര്‍ക്കാര്‍ ഒരുക്കും. 'കേരഗ്രാമം' പദ്ധതി ഇതിന് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന 250 ഹെക്ടര്‍ സ്ഥലത്ത് തെങ്ങുകൃഷി പരിപാലനത്തിനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. പദ്ധതി പ്രകാരം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും നഗരസഭയുടെയും പദ്ധതി വിഹിതത്തില്‍ നിന്ന് 67.49 ലക്ഷം രൂപയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കും.  എസ്.എഫ്.എ.സി വഴി വിവിധ സംഘങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് നാളികേര മൂല്യവര്‍ദ്ധിത ഉത്പ്പന്ന നിര്‍മ്മാണ സംരംഭത്തിന് 25 ലക്ഷം രൂപയുടെ സഹായവും ലഭ്യമാക്കും.

പദ്ധതിയുടെ ഭാഗമായി രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യവുമുള്ളതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം തെങ്ങുകള്‍ വെച്ചുപിടിപ്പിക്കും. സബ്‌സിഡി നിരക്കില്‍ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ വിതരണം ചെയ്യും. ജൈവവള നിര്‍മ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകള്‍, ജലസേചനം മെച്ചപ്പെടുത്തുന്നതിനായി 30 സെന്റിന് മുകളില്‍ തെങ്ങുകൃഷിയുള്ളവര്‍ക്ക് കിണര്‍, പമ്പ് സെറ്റ്, സൂക്ഷ്മജലസേചനം, മഴവെള്ള സംഭരിണി, തെങ്ങുകയറ്റ യന്ത്രം എന്നിവ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. കൂടാതെ ഇടവിള കൃഷിക്കുള്ള കിറ്റ് സൗജന്യമായി നല്‍കും.