ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു

post

കൊല്ലം : പ്രാക്കുളം ഈസ്റ്റ് കയര്‍ വ്യവസായ സഹകരണ സംഘം, നടുവിലച്ചേരി വടക്കേക്കര കയര്‍ വ്യവസായ സഹകരണ സംഘം എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ധനകാര്യകയര്‍ വകുപ്പ് മന്ത്രി ഡോ ടി എം  തോമസ് ഐസക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന രണ്ടാം കയര്‍ പുന:സംഘടനയുടെ ഭാഗമായി ആയിരം ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ 100 കയര്‍ സംഘങ്ങളില്‍ പ്രവര്‍ത്തനക്ഷമമാകുകയാണെന്ന് മന്ത്രി പറഞ്ഞു.

  തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ തൊഴില്‍ നല്‍കുന്നതിനും കയര്‍ വ്യവസായത്തിന്റെ ഉന്നമനത്തിനും  വേണ്ടിയാണ് കയര്‍ സംഘങ്ങളില്‍ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ സ്ഥാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കയര്‍ വികസന വകുപ്പ് എന്‍ സി ഡി സിയുമായി ചേര്‍ന്ന് 50 ലക്ഷം രൂപയുടെ 10 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. മെഷീന്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ  ഉത്പാദനം വര്‍ധിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

പരിപാടികളില്‍ സംഘം പ്രസിഡന്റുമാരായ ടി എസ് ഗിരി, ചന്ദ്രശേഖരപിള്ള എന്നിവര്‍ അധ്യക്ഷരായി. കയര്‍ഫെഡ് മുന്‍ ചെയര്‍മാന്‍ ഡി സുരേഷ്‌കുമാര്‍ യന്ത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം  കെ രാജശേഖരന്‍ യൂണിഫോം വിതരണം ചെയ്തു.  കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ ദേവകുമാര്‍, കയര്‍ പ്രോജക്ട് ഓഫീസര്‍ ബെനഡിക്റ്റ് നിക്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സത്യന്‍, സംഘം സെക്രട്ടറി ജെ ജലജകുമാരി തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.