പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പാത്ത് ഫൈന്‍ഡറുമായി ജില്ലാ പഞ്ചായത്ത്

post

കണ്ണൂര്‍:  ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന 'പാത്ത് ഫൈന്‍ഡര്‍' പരിപാടിക്ക് തുടക്കമായി. വിദ്യാര്‍ഥികളില്‍ പഠനത്തോട് താല്‍പര്യം ജനിപ്പിക്കുകയും മികച്ച ജീവിത വിജയം നേടാന്‍ വഴികാട്ടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മോട്ടിവേഷന്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. പാത്ത് ഫൈന്‍ഡറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ 8, 9, 10 ക്‌ളാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസും പ്ലസ് വണ്‍, പ്ലസ് ട്ടു വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും പദ്ധതിയുടെ ഭാഗമായി നല്‍കും. 1000 കുട്ടികള്‍ക്ക് നാലാഴ്ചകളിലായാണ് പരിശീലനം നല്‍കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍, കെ കെ ശോഭ, അംഗങ്ങളായ ജാനകി ടീച്ചര്‍, അജിത് മാട്ടൂല്‍, കെ നാണു ആശാന്‍, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജേസീസ് അന്താരാഷ്ട്ര പരിശീലകന്‍ വി വേണുഗോപാല്‍ പരിശീലന ക്ലാസ് കൈകാര്യം ചെയ്തു.