പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ജനതയെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ നയം

post

തൃശൂര്‍ : പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ജനതയെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് .സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നാല് മിഷനുകളിലൂടെ ഈ ദൗത്യം പൂര്‍ത്തീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും പുതുക്കാട് സീജി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാര്‍പ്പിട മേഖലക്കായി ലൈഫ് മിഷന്‍, കാര്‍ഷിക മേഖലക്കായി ഹരിത കേരളം, ആരോഗ്യ മേഖലക്ക് ആര്‍ദ്രം , വിഭ്യാഭ്യാസത്തിനായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിങ്ങനെ നാല് മിഷനുകളിലൂന്നിയ വികസന പ്രവര്‍ത്തനങ്ങളുമായിട്ടാണ് ഭരണകൂടം മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ പൂര്‍ണമായ പങ്കാളിത്തം ഉറപ്പുവരുത്തി നാല് ജനകീയ മിഷനുകളായി ഇവ നാലും ഉദ്ദേശ്യലക്ഷ്യം കൈവരിച്ചിരിക്കുന്നു. അന്യവല്‍ക്കരിക്കപ്പെടാത്ത ഒരു ജനതയെ സൃഷ്ടിക്കുന്നതില്‍ കേരളത്തിന് ഈ നാല് മിഷനുകളിലൂടെ സാധിച്ചിരിക്കുന്നു. വീട് ഇല്ലാത്തവര്‍ക്ക് വീട്, ചികിത്സ സൗകര്യം ഇല്ലാത്തവര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുക, കുടിവെള്ളം ഇല്ലാത്തവര്‍ക്ക് വെള്ളം എത്തിക്കുക, മക്കളെ പഠിപ്പിക്കാന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ എല്ലാവരിലേക്കും സര്‍ക്കാരിന്റെ സഹായം എത്തിക്കാന്‍ കഴിഞ്ഞു. ഇതാണ് ശരിയായ വികസനത്തിന്റെ അടിത്തറ . എന്താണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന ചോദ്യത്തിന് എല്ലാവര്‍ക്കും എന്ന ഒരൊറ്റ വാക്കാണ് ഉത്തരം . എല്ലാ വിഭാഗം ജനങ്ങളുടെ ആവശ്യങ്ങളിലേക്കും എത്തുന്ന നയങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുക. അങ്ങനെ വികസന സമത്വം കൊണ്ട് വരിക. ലൈഫ് മിഷനിലൂടെ രണ്ട് ലക്ഷം വീടുകള്‍ കേരളത്തില്‍ പൂര്‍ത്തീകരിക്കും. വീട് ഇല്ലാത്തവര്‍ക്ക് വീട് നല്‍കുക എന്ന ദീര്‍ഘ കാല ലക്ഷ്യമാണ് ഈ സമ്പൂര്‍ണ ഭവന പദ്ധതിക്കുള്ളത്. വീട് മാത്രമല്ല മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി അദാലത്തും ലൈഫ് മിഷന്‍ കുടുംബ സംഗമത്തോടൊപ്പം നടത്തുന്നു. വീട് മാത്രമല്ല ഒരു ജീവിതം കൂടി നല്‍കുക എന്നതാണ് ഈ പാര്‍പ്പിട മിഷന്റെ ഉദ്ദേശം. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തിന് ഇത് അഭിമാനകരമായ നേട്ടം കൂടിയാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊടകര ബ്ലോക്ക്പഞ്ചായത്ത് ലൈഫ് മിഷന് കീഴില്‍ 597 വീടുകളാണ് ഒരുങ്ങുന്നത്.
ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. സിനിമ സീരിയല്‍ താരം ഡെയ്ന്‍ ഡേവിസ് വീടുകളുടെ താക്കോല്‍ദാനം നടത്തി. ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ എം മിനി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ഡിക്‌സണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി ശിവരാജന്‍, പി ആര്‍ പ്രസാദന്‍, കെ രാജേശ്വരി, ശ്രീജ അനില്‍, ജയശ്രീ കൊച്ചു ഗോവിന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമ്പിളി സോമന്‍, ജിനി മുരളി,മോഹനന്‍ ചള്ളിയില്‍, ഷാജു കാളിയേങ്കര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ബൈജു സ്വാഗതവും സെക്രട്ടറി പി ആര്‍ അജയ് ഘോഷ് നന്ദിയും പറഞ്ഞു.