ആരോഗ്യ ജാഗ്രതയില്‍ വീഴ്ച പാടില്ല

post

മലപ്പുറം: വൈറസ് ബാധിതര്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആത്മാര്‍ഥമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ അലംഭാവം പാടില്ലെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അറിയിച്ചു. വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും പരിപൂര്‍ണ്ണമായ സഹകരണമാണ് ഇപ്പോള്‍ വേണ്ടതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കോവിഡ് 19 വ്യാപനം പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയായി മാറുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വയം പങ്കാളിത്തം ഉറപ്പാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയും അറിയിച്ചു. രോഗ വ്യാപനത്തിനുള്ള സാധ്യത ഇതിലൂടെ മാത്രമെ തടയാനാകൂ. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍് അഭ്യര്‍ഥിച്ചു.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.