തടസവാദികള്‍ വികസനങ്ങളെ തുരങ്കം വയ്ക്കുന്നു: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

post

 കൊല്ലം : തടസവാദികള്‍ നിരത്തുന്ന തടസവാദങ്ങള്‍  വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്നു എന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പല വികസന പ്രവര്‍ത്തനങ്ങളും ഇക്കാരണത്താല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആകാത്ത അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍പ്പെട്ട നാലു റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഒരു റോഡ് പൂര്‍ത്തീകരണ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഞാങ്കടവ് കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടുന്നത് തര്‍ക്കത്തിലായി രണ്ടുവര്‍ഷം കോടതിയിലായിരുന്നു. കേരളത്തിന് ലഭിക്കേണ്ട ജി എസ് ടി വിഹിതം സമയത്തിന് ലഭിക്കാത്തതിനാല്‍ ധന ലഭ്യതയില്‍ കുറവുണ്ടായി. ഇത് മറികടന്നാണ് കിഫ്ബി വഴി പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. കിഫ്ബിക്കെതിരെ പോലും കേസുമായി ചിലര്‍ കോടതിയില്‍ പോയി തടസങ്ങള്‍ ഉണ്ടാക്കി. പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനായി കെ-ഫോണ്‍ പദ്ധതി തുടങ്ങാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ചിലര്‍ അപവാദങ്ങളുമായി എത്തുന്നു.

റോഡുകളുടെ നിര്‍മാണവും പുനരുദ്ധാരണത്തിനും ശ്രമിക്കുമ്പോള്‍ കയ്യേറ്റങ്ങള്‍ നടത്തുന്നവര്‍ പോലും മതിയായ വീതിയില്‍ റോഡിന് സ്ഥലം നല്‍കാതെ തടസങ്ങളും തര്‍ക്കങ്ങളും ഉണ്ടാക്കി റോഡ് വികസനത്തെ തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം തടസവാദികളെ മറികടന്ന് മുന്നോട്ടുപോകാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി വികസന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നെടുമ്പന ഗ്രാമപഞ്ചായത്തിലെ ശാസ്താംപൊയ്കയെയും പുന്നയ്ക്കോടിനെയും ബന്ധപ്പിക്കുന്ന ഒരു കിലോമീറ്റര്‍ നീളമുള്ള റോഡ് പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

കേരളപുരം-ആയൂര്‍ റോഡിലെ നല്ലില ജംഗ്ഷനും നെടുമണ്‍കാവ്-ആറുമുറിക്കട റോഡിലെ പഴങ്ങാലംമുക്കിനെയും ബന്ധിപ്പിക്കുന്ന റോഡില്‍ പണി പൂര്‍ത്തിയാകാനുള്ള 600 മീറ്റര്‍ ഭാഗം, കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ 1.05 മീറ്റര്‍ നീളമുള്ള നാലുമുക്ക്-അത്തമുക്ക്-പുലിവിള ജംഗ്ഷന്‍-സെന്റ് മേരീസ് കാഷ്യൂ ഫാക്ടറി റോഡ്, സാരഥി ജംഗ്ഷന്‍-മാമ്പുഴ റോഡിനേയും കല്ലുംതാഴം-താഹമുക്ക് റോഡിനേയും ബന്ധിപ്പിക്കുന്ന 01.35 കിലോമീറ്റര്‍ ദൂരമുള്ള റോഡ്, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളപുരം-ആയൂര്‍ റോഡിനേയും കേരളപുരം-മൊയ്തീന്‍മുക്ക് റോഡിനേയും ബന്ധിപ്പിക്കുന്ന 02.7 കിലോമീറ്റര്‍ ദൂരമുള്ള റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനങ്ങള്‍ മന്ത്രി നിര്‍വഹിച്ചു.

നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, നെടുമ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ അനിത, ക്ഷേമകാര്യ സ്ഥിരം സമിതി പ്രതിനിധികളായ ഉഷാകുമാരി, എന്‍ മന്‍സൂര്‍, നിഷ സാജന്‍, ജില്ലാ പഞ്ചായത്ത് അംഗം സി പി പ്രദീപ്, പഞ്ചായത്തംഗം സജീവ് കുളപ്പാടം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിറയടി ജയന്തി കോളനിയില്‍ നടന്ന നിര്‍മാണോദ്ഘാടനത്തില്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്‍, പുനുക്കന്നൂര്‍ വാര്‍ഡ് അംഗം സുജാത മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷേര്‍ളി സത്യദേവന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജി രമണി, വാര്‍ഡ് അംഗങ്ങളായ ടി വിജയകുമാര്‍, സി ശ്രീജ, കെ സിന്ധു,  സംഘാടക സമിതി കണ്‍വീനര്‍ എസ് ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

പഴങ്ങാലംമുക്കില്‍ നടന്ന നിര്‍മാണോദ്ഘാടന ചടങ്ങില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളായ എസ് നാസറുദ്ദീന്‍, തോമസ് കോശി, എസ് രാജീവ്, സി പി പ്രദീപ്, എല്‍ അനിത, ആര്‍ ബിജു, ഷീലാ മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തട്ടാര്‍കോണം വായനശാല ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളായ പി വിനീതകുമാരി, പി ഉദയകുമാര്‍, ഷേര്‍ളി സത്യദേവന്‍, ബീനാ പ്രസാദ്, എച്ച് ഹുസൈന്‍, പ്രഭാകരന്‍പിള്ള, ഷംല ബീവി, സുജിത തുടങ്ങിയവര്‍ പങ്കെടുത്തു.

മാമ്പുഴ നാലുമുക്ക് ജംഗ്ഷനില്‍ നടന്ന നിര്‍മാണോദ്ഘാടനത്തില്‍ തദ്ദേശ പ്രതിനിധികളായ പി വിനീതകുമാരി, പി ഉദയകുമാര്‍, ഷേര്‍ളി സത്യദേവന്‍, ബീനാ പ്രസാദ്, എച്ച് ഹുസൈന്‍, പ്രഭാകരന്‍പിള്ള, ഷംല ബീവി, സുജിത തുടങ്ങിയവര്‍ പങ്കെടുത്തു.