വേളി - കഠിനംകുളം റോഡ് ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം :  വേളി - കഠിനംകുളം റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കഠിനംകുളം ചിറയിന്‍കീഴ് പഞ്ചായത്തുകളിലൂടെ പോകുന്ന വേളി - കഠിനംകുളം റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ പ്രദേശത്തെ ജനങ്ങള്‍ളുടെ യാത്ര സൗകര്യം മെച്ചപ്പെടുമെന്നും നഗര - ഗ്രാമീണ റോഡുകള്‍ മികച്ച രീതിയില്‍ നിര്‍മിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ആറു കോടി ചെലവിട്ടാണ് റോഡ് നിര്‍മിച്ചത്.

19.5 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ വെട്ടുത്തുറ മുതല്‍ മുതലപ്പൊഴി വരെയുള്ള 7.20 കിലോമീറ്റര്‍ ആണ് പുതുതായി നിര്‍മിച്ചത്. 12.3 കിലോമീറ്റര്‍ നേരെത്തെ പൂര്‍ത്തിയാക്കിയിരുന്നു. റോഡ് വീതി കൂടിയ പ്രദേശങ്ങളില്‍ വെറ്റ് മിക്‌സ് മെക്കാടം ഉപയോഗിച്ച് ബലപെടുത്തി ബാക്കിയുള്ള ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പണികളും പൂര്‍ത്തിയാക്കി. ഇതിനുപുറമെ സുരക്ഷ ബോര്‍ഡ്, തെര്‍മോ പ്ലാസ്റ്റിക് മാര്‍കിംഗ് എന്നിവ ചെയ്ത് റോഡിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പുതുക്കുറിച്ചി പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്‌സ്, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയ കഠിനംകുളം പഞ്ചായത്തിനുള്ള സര്‍ട്ടിഫിക്കറ്റ് ഡെപ്യൂട്ടി സ്പീക്കര്‍ കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് പി ഫെലിക്‌സിന് നല്‍കി.