പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ശിലാസ്ഥാപനം നടന്നു

post

തിരുവനന്തപുരം : ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ 18 പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. 1.4 കോടി രൂപ ചെലവഴിച്ചാണ് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതോടെ കോളനികളിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമാകും.

കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് നിരവധി  പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി  മുഖ്യമന്ത്രി പറഞ്ഞു.  സാമൂഹിക- സാമ്പത്തിക- വിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്. 17,177 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള ഭൂമി നല്‍കി. 60,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. 201 പട്ടികജാതി കോളനികളുടെ സമഗ്ര വികസന പദ്ധതി ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയതായും  വാസയോഗ്യമല്ലാത്ത പതിനായിരം വീടുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂറ് ദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി  പട്ടികജാതി- പട്ടികവര്‍ഗ്ഗ വകുപ്പും  പിന്നോക്ക വിഭാഗക്ഷേമ  വകുപ്പും  നടപ്പിലാക്കുന്ന മറ്റു 19 പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഇതിനോടൊപ്പം നിര്‍വഹിച്ചു. ഐക്യദാര്‍ഢ്യ പക്ഷാചരണം സമാപന ചടങ്ങും നടന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ. കെ ബാലന്‍ അധ്യക്ഷനായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പറണ്ടക്കുഴി കോളനി  ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രത്യേക യോഗം ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളനിയിലെ പദ്ധതിയുടെ ശിലാസ്ഥാപനവും എം.എല്‍.എ നിര്‍വഹിച്ചു. പഴയകുന്നുമ്മേല്‍ ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് ബി.ലാലി അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. ബാബുക്കുട്ടന്‍, പഞ്ചായത്ത് അംഗം ബി. രതീഷ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.