നൂതന സംരംഭങ്ങള്‍ ഒരുക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് മാതൃക : മന്ത്രി കെ രാജു

post

കൊല്ലം : നൂതന സംരംഭങ്ങള്‍ ഒരുക്കി ദേശീയശ്രദ്ധ നേടുന്നതില്‍ കൊല്ലം ജില്ലാപഞ്ചായത്ത് എന്നും മാതൃകയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.   ജില്ലയിലെ ആദ്യ വനിതാ വ്യവസായ  എസ്റ്റേറ്റിന്റെ ഉദ്ഘാടനം കരീപ്രയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇനി വനിതാ സംരംഭകര്‍ കരീപ്രയിലേക്ക് വന്നാല്‍ മതി, ജില്ലാ പഞ്ചായത്ത് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌ക്വയര്‍ഫീറ്റിന് വെറും രണ്ട് രൂപ മാത്രമാണ് ഈടാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. താനും ഒരിക്കല്‍ ജില്ലാപഞ്ചായത്തില്‍ അംഗമായിരുന്നതും  സ്ഥലം എം എല്‍ എ ആയിരുന്നതിന് മുന്‍പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നതും മന്ത്രി ഓര്‍മിപ്പിച്ചു. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് ജില്ലാ പഞ്ചായത്ത് ചെയ്തുവരുന്നത്. കൃഷി ചെയ്ത് ഉപജീവനം നടത്തി വരുന്നവരെ നിയമ കുരുക്കുകള്‍ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു വരുന്നു. അഞ്ചില്‍ കൂടുതല്‍ പശുക്കളെയും 20 ല്‍  കൂടുതലായി കോഴികളെയും വളര്‍ത്താന്‍  മുന്‍പ് ലൈസന്‍സ് എടുക്കണമായിരുന്നു. നിലവില്‍ അത് 20 പശുക്കളും ആയിരം കോഴികളെ വരെയും വളര്‍ത്താന്‍ തടസ്സങ്ങള്‍ നീക്കി അനുമതിക്ക് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതായും മന്ത്രി പറഞ്ഞു. മികച്ച ഭരണത്തിന്റെ ഉദാഹരണങ്ങളാണ് ജില്ലാ പഞ്ചായത്തും സംസ്ഥാന സര്‍ക്കാരും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാപഞ്ചായത്ത് പദ്ധതികളുടെ ലക്ഷ്യം തൊഴിലില്ലായ്മ പരിഹാരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു.  രണ്ടു തവണ ദേശീയ അവാര്‍ഡും നിരവധി തവണ സംസ്ഥാന അവാര്‍ഡുംനേടിയ ജില്ലാ പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യത്തോടെ പടിയിറങ്ങാന്‍ കഴിയുമെന്നും  പ്രസിഡണ്ട് പറഞ്ഞു. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്നു നല്‍കുന്നത് ഉള്‍പ്പെടെ  ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ ജില്ലാ പഞ്ചായത്ത് അഭിനന്ദനം അര്‍ഹിക്കുന്നെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ പി ആയിഷാ പോറ്റി എം എല്‍ എ പറഞ്ഞു.

പദ്ധതിയുടെ ഒന്നാം ഘട്ടമായി 2.35 കോടി രൂപ ചെലവില്‍ ഏഴ് വ്യവസായ ഷെഡ്ഡുകളും മറ്റ്  അടിസ്ഥാന സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.  രണ്ടാം ഘട്ടമായി രണ്ട് ബഹുനില മന്ദിരങ്ങളാണ് വനിതാ വ്യവസായ എസ്റ്റേറ്റിനായി നിര്‍മിക്കുക.

  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ജഗദമ്മ ടീച്ചര്‍, ടി ഗിരിജകുമാരി, വി ജയപ്രകാശ്, ഇ എസ് രമാ ദേവി, ശ്രീലേഖ വേണുഗോപാല്‍, കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്‍ റഹ്മാന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സുമ, കരീപ്ര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജി ബിനു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഹെലന്‍ ജെറോം മാനേജര്‍ ആര്‍ ദിനേശ് തുടങ്ങിയവര്‍ പങ്കെടുത്തു.