വാളിക്കോട് പാലം ഗതാഗതത്തിന് തുറന്നു

post


നെടുമങ്ങാട് : വാളിക്കോട് പാലം ഗതാഗതത്തിന് തുറന്നു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാളിക്കോട്-വട്ടപ്പാറ റോഡില്‍ കിള്ളി നദിയ്ക്ക് കുറുകെയായി പഴയ പാലം പൊളിച്ചു മാറ്റിയാണ് പുതിയ പാലം പണിതത്. ഒരു പാലമെന്നത് ഇരുകരകളിലുള്ളവരുടെ ജീവിതാഭിലാഷത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. കേരളത്തിന്റെ നിര്‍മാണ  ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പാലങ്ങള്‍ നിര്‍മിച്ച സര്‍ക്കാരാണിതെന്നും  രണ്ട് സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ പാലം എന്ന നിലയില്‍ വലിയ പ്രാധാന്യം വാളിക്കോട് പാലത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

പഴയ ഇടുങ്ങിയ പാലം നിരന്തരം ഗതാഗതകുരുക്കും അപകടവും സൃഷ്ടിച്ചതിനെത്തുടര്‍ന്ന് പുതിയ പാലം വേണമെന്ന ആവശ്യം ഉയരുകയായിരുന്നു.പുതിയ പാലത്തിന്റെ രൂപകല്പന നടത്തിയത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഡിസൈന്‍ വിഭാഗമാണ്. ഓപ്പണ്‍ ഫൗണ്ടേഷന്‍, കോണ്‍ക്രീറ്റ് അബട്ട്മെന്റ്,  ആര്‍.സി.സി.ബീം,സ്ലാബ് എന്നിവയാണ് ഇതിന്റെ ഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പാലത്തിന്റെ ഇരുകരകളിലുമായി 300 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡും പൂര്‍ത്തീകരിച്ചു. സംസ്ഥാന പാത-1 എം.സി റോഡിനെയും സംസ്ഥാന പാത-2 തിരുവനന്തപുരം-ചെങ്കോട്ട റോഡിനെയും ബന്ധിപ്പിക്കുന്നു.പുതിയ പാലത്തിന് 21 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്.

പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂന്നര കോടി രൂപ ചെലവഴിച്ചാണ് വാളിക്കോട് പാലം യാഥാര്‍ത്ഥ്യമാക്കിയത്. വാളിക്കോട് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ സി.ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.