കുന്നംകുളം നഗര വികസനവും റിങ് റോഡും പദ്ധതിയ്ക്ക് കിഫ്ബി ബോര്‍ഡ് അംഗീകാരം

post

153.63 കോടി പദ്ധതി അടങ്കല്‍

തൃശൂര്‍: നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരവും കുന്നംകുളത്തെ നഗര വികസനത്തിന് ആക്കം കൂട്ടുന്നതുമായ രണ്ട് സുപ്രധാന പദ്ധതികള്‍ക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡിന്റെ അന്തിമ അനുമതിയായതായി സ്ഥലം എം.എല്‍.എ. കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.

കുന്നംകുളം നഗര വികസനവും റിങ് റോഡും ഉള്‍പ്പെടെ 153.63 കോടി രൂപയുടേതാണ് പദ്ധതികള്‍. നഗര വികസനത്തിനായി 50 കോടിയും റിങ് റോഡ് നിര്‍മ്മാണത്തിനായി 25 കോടിയുമാണ് ബജ റ്റില്‍പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കിഫ്ബി മാനദണ്ഡ പ്രകാരം തയ്യാറാക്കിയ വിശദ പദ്ധതി രൂപരേഖ നഗര വികസനത്തിനായി 90.34 കോടി രൂപയുടേയും റിങ് റോഡ് നിര്‍മ്മാണത്തിനായി 63.29 കോടി രൂപയുടേയും പദ്ധതിക്കാണ് അന്തിമ അനുമതി നല്‍കിയത്.

കുന്നംകുളം നഗരത്തിന്റെ മുഖഛായ മാറ്റുന്ന ബി എം ബി സി നിലവാരത്തിലുള്ള ഈ റോഡ് 18.50 മീറ്ററിലാകും പണിയുക. ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി സ്ഥലവും ഏറ്റെടുക്കും. ഇതിലേക്കായി 30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എസ് എച്ച് 59, എസ് എച്ച് 60 എന്നിവ ഉള്‍പ്പെടുന്ന 3.867 കിലോമീറ്റര്‍ റോഡാണ് ഇതിന്റെ ഭാഗമായി വികസിപ്പിക്കുക. 

കുന്നംകുളം ടൗണിന് പുറത്തുകൂടെ 4.67 കിലോമീറ്റര്‍ ദൂരത്തിലാണ് റിങ് റോഡിന്റെ നിര്‍മ്മാണം. ബൈജു റോഡ്, എം.ഒ. റോഡ്, ഭാവന റോഡ്, ടി.കെ. കൃഷ്ണന്‍ റോഡ് എന്നീ റോഡുകളെ തമ്മിലും പാറേമ്പാടം മുതല്‍ പന്തല്ലൂര്‍ വരെ അഗതിയൂര്‍ റോഡ് വികസിപ്പിച്ചുമാണ് റിങ് റോഡ് നിര്‍മ്മിക്കുക. ഗ്രീന്‍ കോറിഡോര്‍ ബൈപാസ് എന്ന രീതിയിലാണ് പദ്ധതി വിഭാവന ചെയ്തത്. സ്ഥലം ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി 24 കോടി പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. റോഡിന് ഇരുവശവും നടപ്പാതകളും ജല നിര്‍ഗമന സംവിധാനവും ദിശാ സൂചകങ്ങളും ആധുനിക സിഗ്നല്‍ സംവിധാനവും ഉള്‍പ്പെടെ കിഫ്ബി മാനദണ്ഡ പ്രകാരമുള്ള അത്യാധുനിക റോഡാണ് യാഥാര്‍ത്ഥ്യമാകുന്നത്. കുന്നംകുളം നഗരത്തിന്റെ മുഖഛായ മാറ്റുന്ന ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് തദ്ദേശമന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.