കുളക്കട കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

post

കൊല്ലം: കുളക്കട ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  നടപ്പിലാക്കുന്ന കുടിവെള്ള  പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന  സര്‍ക്കാരിന് സാധിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതി  വഴി  2024 ലോടെ മുഴുവന്‍ ഗ്രാമീണ വീടുകളിലും ശുദ്ധജലമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. കൊട്ടാരക്കര മണ്ഡലത്തില്‍ 130 കോടിലധികം  രൂപയുടെ കുടിവെള്ള പദ്ധതികളാണ് നടപ്പാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജല അതോറിറ്റി വഴി നടപ്പിലാക്കിയ കുളക്കട-പവിത്രേശ്വരം കുടിവെള്ള പദ്ധതിക്കായി ഒന്നാംഘട്ടത്തില്‍ 13.36 കോടി രൂപ വിനിയോഗിച്ചു. ഒന്നാംഘട്ട പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കുളക്കട പഞ്ചായത്തില്‍ മാത്രമായി നടപ്പിലാക്കുന്ന രണ്ടാംഘട്ട പദ്ധതിക്കായി 29.30 കോടി രൂപയാണ് നബാര്‍ഡ് വഴി അനുവദിച്ചത്. 19 വാര്‍ഡുള്ള പഞ്ചായത്തിനെ മൂന്ന് മേഖലകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ രണ്ടു മേഖലകളില്‍  100 കിലോമീറ്റര്‍ പൈപ്പ് ലൈനും മൂന്നാം മേഖലയില്‍ രണ്ട് ലക്ഷം ലിറ്റര്‍ ഉപരിതല ജലസംഭരണിയുമാണ് സ്ഥാപിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുളക്കട ഗ്രാമപഞ്ചായത്തിലെ ഇരുപത്തി അയ്യായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് പൈപ്പ്ലൈന്‍ വഴി ശുദ്ധജലം ലഭ്യമാകും.