സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം എന്നത് വര്‍ത്തമാനം പറച്ചില്‍ അല്ല; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

post

കൊല്ലം: സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നത് വെറും വര്‍ത്തമാനം പറച്ചില്‍ മാത്രം അല്ലെന്നും, വിവിധ വികസന പദ്ധതികള്‍ കണ്മുന്നില്‍ ഉണ്ടെന്നും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. തന്റെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും രണ്ടര കോടി ചെലവില്‍ നിര്‍മിച്ച പെരിനാട് ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ പുതിയ മൂന്നുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.                    

നാല് കമ്പ്യൂട്ടറുകള്‍ കൈറ്റ് വഴി സ്‌കൂളിന് ലഭിച്ചു. 20 ലക്ഷം ചെലവിട്ട് ഓപ്പണ്‍ ഓഡിറ്റോറിയം പണിയും. നാല് ലക്ഷം ചെലവില്‍ കളിപ്പാട്ടം, സ്പോര്‍ട്സ് കിറ്റുകള്‍, ക്ലാസ് മുറികളില്‍ ഡെസ്‌ക്ക്, ബെഞ്ച് എന്നിവയും ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉള്‍പ്പെടെ പഠനം ആധുനികമായി. വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി. ഒമ്പത് മാസമായി കോവിഡ് പ്രതിരോധിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും അങ്കണവാടി പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും പോലീസും എല്ലാം നിരന്തരമായി പണിയെടുക്കുകയാണ്. എന്നിട്ടും ആരോഗ്യരംഗം പുഴുവരിച്ചെന്ന് ചിലര്‍ മാറിനിന്ന് വിമര്‍ശിക്കുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഉത്തരേന്ത്യയില്‍ റെയില്‍ ട്രാക്കിലൂടെ നടന്നു മരിച്ചവരും ഭക്ഷണം കിട്ടാതെ മരിച്ചവരും നമുക്ക് ഓര്‍മ്മയുണ്ട്. കേരളം ഇങ്ങനെയൊന്നും അല്ല,  ഇവിടെ കോവിഡ് കാലത്തും അതിജീവനത്തില്‍ വികസനം നടക്കുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവരാണ് വിമര്‍ശനങ്ങളുമായി നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.