സമ്പൂര്‍ണ ഹൈടെക് ക്ലാസ് റൂം: ജില്ലയിലെ 1270 സ്‌കൂളുകളില്‍ ഒരുക്കിയത് 31130 ഐടി ഉപകരണങ്ങള്‍
 
                                                തിരുവനന്തപുരം: എല്ലാ വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാകാനുള്ള കേരളത്തിന്റെ മുന്നേറ്റത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളില്‍ സ്ഥാപിച്ചത് 31130 ഐടി ഉപകരണങ്ങള്‍. ജില്ലയിലെ 1270 വിദ്യാലയങ്ങളിലായാണ് ഇവ സ്ഥാപിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് നിലവാരത്തിലാക്കിയ ക്ലാസ് റൂമുകള്‍ ജില്ലയുടെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍- എയ്ഡഡ്  വിഭാഗങ്ങളിലെ ഒന്നുമുതല്‍ 7 വരെ ക്ലാസുകളുള്ള 868ഉം 8  മുതല്‍ 12 വരെ ക്ലാസുള്ള 402ഉം സ്‌കൂളുകളില്‍ ഹൈടെക് ഉപകരണങ്ങളുടെ വിന്യാസം പൂര്‍ത്തിയായി. 9,507 ലാപ്‌ടോപ്പ്, 5,775 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 7,970 യു.എസ്.ബി. സ്പീക്കര്‍, 3,694 മൗണ്ടിംഗ് അക്‌സസറീസ്, 2,613 സ്‌ക്രീന്‍, 379 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 399 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 401 എച്ച്.ഡി വെബ്ക്യാം, 392 43'' ടെലിവിഷന്‍ എന്നിവയും സ്ഥാപിച്ചു. 1,032 സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തി.
പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ വിന്യസിച്ചത്. വിവിധ ക്ലാസ് മുറികളിലായി 691 ഉപകരണങ്ങള്‍ സ്ഥാപിച്ചു. നെല്ലിമൂട് ന്യൂ എച്ച്.എസ്.എസില്‍ 356 ഉം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 342 ഉം ഉപകരണങ്ങള്‍ സ്ഥാപിച്ചു. 15194 അധ്യാപകര്‍ക്ക് പ്രത്യേക ഐ.ടി. പരിശീലനവും നല്‍കി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ് ) ആണ് ഹൈടെക് സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും 48.61 കോടിയും പ്രാദേശിക തലത്തില്‍ 7.56 കോടി രൂപയും ഉള്‍പ്പെടെ 56.17 കോടി രൂപയാണ് ജില്ലയില്‍ ചെലവാക്കിയതായി കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. 










