കെ എം എം എല്‍ ഓക്സിജന്‍ പ്ലാന്റ്: ആരോഗ്യ-വ്യവസായ മേഖലകള്‍ക്കും കരുതല്‍

post

കൊല്ലം : ആരോഗ്യ-വ്യവസായ മേഖലകള്‍ക്ക് സഹായകരമാകുന്ന കെ എം എം എല്ലിലെ പുതിയ 70 ടണ്‍ സ്ഥാപിതശേഷിയുള്ള ഓക്സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന്(ഒക്ടോബര്‍ 10) രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനാകും.

കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിനും ലാഭം മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണിത്. 1984 ല്‍ കെ എം എം എല്‍ കമ്മീഷന്‍ ചെയ്യുമ്പോള്‍ 22,000 ടണ്‍ ആയിരുന്നു സ്ഥാപിത ഉത്പാദനശേഷി.  ഇതിന് ആനുപാതികമായി 50 ടണ്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചിരുന്നു. 36,000 ടണ്‍ ഉത്പാദനശേഷി വര്‍ധിച്ചതോടെ ഈ ഓക്സിജന്‍ പ്ലാന്റിന്റെ ശേഷി 30 ടണ്‍ ആയി കുറഞ്ഞു. ഓക്സിജന്‍ പ്ലാന്റ് ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ 70 ടണ്‍ സ്ഥാപിതശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് നിര്‍മിച്ചത്.  സിവില്‍ വര്‍ക്കിനായി നാലു കോടി രൂപയും പ്ലാന്റിനും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 46 കോടി രൂപയും ചേര്‍ത്ത് 50 കോടി രൂപയാണ് നിര്‍മാണച്ചെലവ്.

പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഓട്ടോമാറ്റിക് സംവിധാനത്തിലും ഊര്‍ജ്ജക്ഷമതയിലും സ്വയം പര്യാപ്തമാകാന്‍ കെ എം എം എല്ലിന് സാധിക്കും.  ഓക്സിജന്‍ പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന 70 ടണ്‍ നൈട്രജന്‍ ഗ്യാസിന് പുറമേ ദ്രവീകൃത നൈട്രജനും വിപണിമൂല്യം ഉള്ളവയാണ്.  കൂടാതെ ഇതില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ദ്രവീകൃത ഓക്സിജന്‍ ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടാകുകയും ചെയ്യും