സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്റര്‍ പാങ്ങപ്പാറയില്‍

post

തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്റര്‍ പാങ്ങപ്പാറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഒ.പി.ക്കു പുറമെ 24 മണിക്കൂര്‍ കിടത്തി ചികിത്സയും സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനവും ചേര്‍ന്ന ആദ്യ ഹെല്‍ത്ത് സെന്ററാണിത്.

ഹെല്‍ത്ത് സെന്ററില്‍ കിടത്തിച്ചികിത്സകൂടി ലഭ്യമാകുന്നത് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.  ഇത്തരത്തില്‍ ഒരു സംയുക്ത ഹെല്‍ത്ത് സെന്റര്‍ നിര്‍മിക്കാന്‍ സാധിച്ചത് സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.  തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഫീല്‍ഡ് സെന്ററായി ആരംഭിച്ചതായിരുന്നു ഈ ആശുപത്രി. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് സെന്റര്‍ ആകുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ അടക്കം പുതിയ 27 തസ്തികകള്‍ സൃഷ്ടിച്ചു. 10 തസ്തികകള്‍ സര്‍ക്കാരും 17 എണ്ണം തിരുവനന്തപുരം കോര്‍പ്പറേഷനുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി കോര്‍പ്പറേഷന്‍ ഒരു കോടി രൂപയുടെ പദ്ധതി ആണ് ആവിഷ്‌കരിച്ചിരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 15 ലക്ഷം രൂപ ആശുപത്രി വികസനത്തിനായി വിനിയോഗിച്ചിട്ടുണ്ട്. പ്രവേശന കാവടവും ചുറ്റുമതിലും നിര്‍മിക്കുന്നതിന് എം എല്‍ എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ഒന്നര ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് ഈ ആശുപത്രി ഏറെ പ്രയോജനം ചെയ്യുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആശുപത്രിയില്‍ തുടര്‍ന്നും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലേക്കുളള റോഡിന്റെ ഉദ്ഘാടനം മേയര്‍ കെ. ശ്രീകുമാര്‍ നിര്‍വഹിച്ചു. ആശുപത്രി ജീവനക്കാരുടെ ഇ-ഐഡി കാര്‍ഡ് മെഡിക്കല്‍ കോളേജ് സുപ്രണ്ട് എം.എസ്. ശര്‍മ്മദ് വിതരണം ചെയ്തു. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സാറ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.