കോവിഡ് പ്രതിരോധത്തില്‍ മുഖ്യപങ്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക്: മുഖ്യമന്ത്രി

post

അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്നത് സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനം ഇതിനുമുമ്പും പകര്‍ച്ചവ്യാധികളെ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. ലോകം അംഗീകരിച്ച അതിശയകരമായ പ്രവര്‍ത്തനങ്ങളാണ് ആര്‍ദ്രം മിഷന്‍ പോലെയുള്ള പദ്ധതികളിലൂടെ സംസ്ഥാനത്ത് നടക്കുന്നത്. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ജനന-മരണ നിരക്കുകള്‍, കുറഞ്ഞ മാതൃ-ശിശു മരണ നിരക്കുകള്‍, ചെലവ് കുറഞ്ഞ ആരോഗ്യസേവനങ്ങള്‍ ഇതൊക്കെ മറ്റ് ഏതു സംസ്ഥാനത്തു നിന്നും വ്യത്യസ്തമായ നിലയിലാണ് കേരളത്തിലുള്ളത്. ആരോഗ്യമേഖലയിലെ ആസൂത്രണത്തിലുള്ള  സാമൂഹ്യ പങ്കാളിത്തമാണ് ഇത്തരം വിജയങ്ങള്‍ക്ക് പിന്നില്‍, മുഖ്യമന്ത്രി പറഞ്ഞു. പുതുതലമുറയിലെ രോഗങ്ങളെ പ്രതിരോധിക്കാന്‍ പാകത്തില്‍ പൊതുജനാരോഗ്യ സംവിധാനത്തെ പ്രാപ്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ചടങ്ങില്‍ അധ്യക്ഷയായി.

ആര്‍ദ്രം മിഷന്റെ  ഭാഗമായി ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുത്ത 36 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍  ഉള്‍പ്പെട്ട വള്ളിക്കാവ്, അഴീക്കല്‍, ആലപ്പാട്,  പടിഞ്ഞാറേകല്ലട, ശക്തികുളങ്ങര എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഇതോടെ ജില്ലയില്‍ പ്രവര്‍ത്തന സജ്ജമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 19 ആയി.

സംസ്ഥാനത്തൊട്ടാകെ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഇതോടെ പുനര്‍നിര്‍മാണത്തിന് ശേഷം പ്രവര്‍ത്തനമാരംഭിച്ച സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 461 ആയി. രണ്ടുഘട്ടങ്ങളിലായി നേരത്തെ  673 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയി ഉയര്‍ത്തുകയും അധിക തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഒ പി  സൗകര്യം, ലബോറട്ടറി സേവനങ്ങള്‍,  ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് പ്രത്യേക ക്ലിനിക്കുകള്‍,  മാതൃ-ശിശു സൗഹൃദ ഏരിയ, കാത്തിരിപ്പു കേന്ദ്രം, എന്നിങ്ങനെ വിപുലമായ സജ്ജീകരണങ്ങളാണ് ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമുള്ളത്.

മേയര്‍ ഹണി ബെഞ്ചമിന്‍ ശക്തികുളങ്ങരയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി ജെ രാജേന്ദ്രന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ മീനാകുമാരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. എ ഷീബ എന്നിവര്‍ പങ്കെടുത്തു

പടിഞ്ഞാറേ കല്ലടയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ  ഉദ്ഘാടന ചടങ്ങില്‍ കോവൂര്‍  കുഞ്ഞുമോന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പടിഞ്ഞാറെ  കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ  ശുഭ, വൈസ് പ്രസിഡന്റ് കെ  സുധീര്‍,  പടിഞ്ഞാറേകല്ലട കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അമൃത്  എസ് വിഷ്ണു, പഞ്ചായത്ത് സെക്രട്ടറി വി മനോജ്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.