വയലാര്‍ കാവില്‍ കടവ് തോടും ഇനി തടസമില്ലാതെ ഒഴുകും

post

തൃശൂര്‍ : ഹരിതകേരള മിഷന്റെ ഭാഗമായി നടത്തുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ'  പുഴ ശുചീകരണ ക്യാമ്പയിന്‍ കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു. നഗരത്തിലെ 5, 6,7 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന വയലാര്‍  കാവില്‍ക്കടവ് തോടിന്റെ ശുചീകരണ പ്രവര്‍ത്തനമാണ് തുടങ്ങിയത്. ക്യാമ്പയിന്റെ ഉദ്ഘാടനം വയലാര്‍ വാര്‍ഡില്‍ വാടയില്‍ ക്ഷേത്രത്തിന് സമീപം നഗരസഭാ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ നിര്‍വഹിച്ചു.

രാഷ്ട്രീയയുവജന സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ സേന, നഗരസഭാ ആരോഗ്യ വിഭാഗം തുടങ്ങിയവരുടെ നേത്യത്വത്തില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ പുഴ വൃത്തിയാക്കല്‍ ആരംഭിച്ചത്. വയലാറില്‍ നിന്ന് തെക്കോട്ട് ഒന്നര കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തിലാണ് തോട് വൃത്തിയാക്കുന്നത്. മണ്ണും ചെളിയും പ്‌ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യവും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോരി മാറ്റി തോടിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയാണ്. ഇരുവശങ്ങളിലുള്ള കാടും പാഴ്‌ച്ചെടികളും പുല്ലും തൊഴിലുറപ്പ് തൊഴിലാളികളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ വെട്ടി വൃത്തിയാക്കുകയും ചെയ്യും. ഇതിനെ തുടര്‍ന്ന് ഓരോ വാര്‍ഡിലും കുറഞ്ഞത് ഒരു നീര്‍ച്ചാലെങ്കിലും ഇപ്രകാരം വീണ്ടെടുക്കും.

ആരോഗ്യകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.രാമനാഥന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ടി പി പ്രഭേഷ്, ശോഭ ജോഷി, ഇന്ദിര പുരുഷോത്തമന്‍, കെ വി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.