ഓക്‌സിജന്‍ പ്ലാന്റ് മുതല്‍ ലിഫ്റ്റ് വരെ: ജില്ലാ ആശുപത്രിയില്‍ 1.20 കോടിയുടെ വികസന പദ്ധതികള്‍

post

കൊല്ലം: ജില്ലാ ആശുപത്രിയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.20 കോടി രൂപ ചെലവില്‍ കാത്തിരിപ്പ് കേന്ദ്രം, മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ്, ടോയ്‌ലറ്റ് ബ്ലോക്ക്, ജനറേറ്റര്‍ റൂം, ലിഫ്റ്റ് സര്‍വീസ് എന്നിവ പ്രവര്‍ത്തനസജ്ജമായി. എം മുകേഷ് എംഎല്‍എ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുനടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. 

ഇളവിടം എന്ന പേരില്‍ ഒപി.ക്ക് സമീപം ആരംഭിച്ച കാത്തിരിപ്പ് കേന്ദ്രത്തിന് 200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. നിലവില്‍ ഒപി.കള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കോവിഡ് സ്രവ ശേഖരണ കേന്ദ്രമായാണ് കാത്തിരിപ്പ് കേന്ദ്രം പ്രവര്‍ത്തിക്കുക. 65 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയായ സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ പ്ലാന്റ് വഴി ഐസിയുകളിലേക്കും എംഐസിയുകളിലേക്കും തടസമില്ലാതെ ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കും. 30 ലക്ഷം രൂപ ചെലവിലാണ് പഴയ ലിഫ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചത്. ദേശീയ ആരോഗ്യ മിഷന്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കാത്തിരുപ്പ് കേന്ദ്രത്തിലേയും ഓക്‌സിജന്‍ പ്ലാന്റിലേയും ഫര്‍ണിച്ചറുകള്‍ സ്ഥാപിച്ചതും അനുബന്ധ മരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കിയതും. ആശുപത്രി മാനേജ്‌മെന്റ് സമിതി അംഗങ്ങള്‍, ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. വസന്തദാസ്, ഹാബിറ്റാറ്റ് എഞ്ചിനീയര്‍ നവീന്‍ എന്നിവര്‍ പങ്കെടുത്തു.