നീണ്ടകര, ചവറ പ്രദേശങ്ങളില്‍ കലക്ടര്‍ സന്ദര്‍ശനം നടത്തി

post

കൊല്ലം: കോവിഡ് പ്രതിരോധം നിരീക്ഷിച്ച് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ എന്നിവര്‍ ഇന്നലെ നീണ്ടകരയിലും ചവറയിലും മിന്നല്‍ സന്ദര്‍ശനം നടത്തി. വീടുകളിലെത്തിയ കലക്ടര്‍ കുശലാന്വേഷണത്തോടൊപ്പം കോവിഡ് ബാധ തടയേണ്ടുന്നതിന് ചെയ്യേണ്ട കാര്യങ്ങളും നിര്‍ദേശിച്ചു. നീണ്ടകരയില്‍ രോഗബാധിതരുണ്ടാവുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്നും മാറ്റി പാര്‍പ്പിക്കുന്നതിന് മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗകര്യം ഉടന്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. 84 പേരെ ഇവിടെ പാര്‍പ്പിക്കാനാവും. പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മിയുമായും ഇക്കാര്യം കലക്ടര്‍ ചര്‍ച്ച ചെയ്തു. 

കോവിഡ് ബാധ വിട്ടൊഴിയാത്ത ചവറ, താന്നിമൂട് ചന്ത, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും കലക്ടര്‍ സന്ദര്‍ശനം നടത്തി നിര്‍ദേശങ്ങള്‍ നല്‍കി. തഹസീല്‍ദാര്‍ ഷിബു പോള്‍, ആരോഗ്യ വകുപ്പ്, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവര്‍ അനുഗമിച്ചു.