മികവിന്റെ കേന്ദ്രമായി മലയിന്‍കീഴ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

post

തിരുവനന്തപുരം: മലയിന്‍കീഴ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങളാകെ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുന്ന വിദ്യാലയങ്ങള്‍ നാടിന്റെ മുഖച്ഛായ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ അഞ്ചു കോടി രൂപ ധനസഹായവും എം.എല്‍.എ. ഫണ്ടും, പഞ്ചായത്ത് ഫണ്ടും അടക്കം 7.7 കോടി ചെലവിലാണ് നിർ‍മാണം പൂര്‍ത്തിയാക്കിയത്.

അന്തര്‍ദേശീയ നിലവാരത്തിലുള്ള 29 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, 25 ടോയ്ലറ്റുകള്‍, രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍, ഭാഷാ ലാബ്,  മിനി ഓഡിറ്റോറിയം, ലൈബ്രറി, സ്റ്റാഫ് റൂമുകള്‍, ഓഫീസ് റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ മന്ദിരം. ചടങ്ങില്‍ ഐ. ബി. സതീഷ് എം.എല്‍.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സംസ്ഥാനം നേടിയത് ഐതിഹാസികമായ വിജയമാണെന്ന് എം.എല്‍.എ. പറഞ്ഞു. സംസ്ഥാനത്ത് പുതിയതായി പ്രഖ്യാപിച്ച 90 മികവിന്റെ കേന്ദ്രങ്ങളിലൊന്നാണ് മലയിന്‍കീഴ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വി. ആര്‍. രമാകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. എസ്. ശ്രീകാന്ത്, ഗ്രാമപഞ്ചായത്ത് അംഗം എ. ചന്ദ്രമതി, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.