ലൈഫ്: ജില്ലയില്‍ കിടപ്പാടം ലഭിച്ചത് 8000ത്തോളം കുടുംബങ്ങള്‍ക്ക്

post

കണ്ണൂര്‍ : വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് മിഷനിലൂടെ ജില്ലയില്‍ തലചായ്ക്കാനൊരിടം ലഭിച്ചത് 8000 ത്തോളം കുടുംബങ്ങള്‍ക്ക്. ലൈഫ് മിഷന്‍ ഒന്നാം ഘട്ടത്തില്‍ 2589 ഉം രണ്ടാം ഘട്ടത്തില്‍ 2040 ഉം പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയില്‍ 674ഉം പിഎംഎവൈ അര്‍ബനില്‍ 2349 ഉം വീടുകളാണ് ഇതിനകം പണി പൂര്‍ത്തിയാക്കിയത്. ലൈഫ് ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ പണിതീരാന്‍ ബാക്കിയുള്ളത് 397 വീടുകളാണ്. ഇവയില്‍ 90 ശതമാനവും ജനവരി 31 നകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എന്‍ അനില്‍ പറഞ്ഞു.ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ 2589 കുടുംബങ്ങള്‍ക്കാണ് സ്വന്തമായി വീട് പണിയാന്‍ കഴിഞ്ഞത്. ഇതില്‍ ഇനി ബാക്കിയുള്ളത് 86 വീടുകളാണ്. ഇത് നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സാങ്കേതികമായ ചില കാരണങ്ങളാലുള്ള തടസ്സങ്ങളാണ്  ഈ വീടുകളുടെ നിര്‍മാണം വൈകിപ്പിച്ചത്. ഇവ അടിയന്തരമായി പരിഹരിക്കാന്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

വിവിധ പദ്ധതികളില്‍ വീട് പണി തുടങ്ങി നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ പാതി വഴിയിലായവരെയാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. പലവിധ ബുദ്ധിമുട്ടുകളാലും സാങ്കേതിക പ്രശ്‌നങ്ങളലും നിര്‍മാണം വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഈ കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതി വലിയ അനുഗ്രഹമായി. ഒരിക്കലും പൂര്‍ത്തീകരിക്കാനാവില്ലെന്ന് കരുതിയ സ്വന്തം വീടെന്ന സ്വപ്നം ഇവര്‍ക്കെല്ലാം സാക്ഷാത്കരിക്കാനായി.സ്വന്തമായി ഭൂമിയുള്ള ഭവന രഹിതരായ കുടുംബങ്ങളെയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതുപ്രകാരം ജില്ലയില്‍ 2498 കുടുംബങ്ങളെയാണ് തദ്ദേശസ്ഥാപനങ്ങള്‍ വഴി കണ്ടെത്തിയത്്. ഇതില്‍ 2040 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയായി. 311 വീടുകളുടെ നിര്‍മാണമാണ് ഇനി ഈ ഘട്ടത്തിലുള്ളവയില്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത്. ഇതില്‍ 120 ഓളം വീടുകള്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്.