14 ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍

post

തൃശൂര്‍: കേരളത്തിലെ 14 ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന വൈഗ 2020 സംസ്ഥാന കാര്‍ഷിക മേള സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

2021ല്‍ നടക്കുന്ന വൈഗ കാര്‍ഷിക മേള തൃശൂരില്‍ തന്നെയാകും. അടുത്തതവണ ഏഴ് ദിവസമായിരിക്കും വൈഗ കാര്‍ഷികമേള. കേരളത്തിന്റെ കാര്‍ഷിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ വൈഗയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു പ്രദര്‍ശന പരിപാടി എന്നതിലുപരി ചര്‍ച്ചയും സംവാദവും ചേര്‍ത്ത് കൊണ്ടുപോകാനാണ് വൈഗയിലൂടെ ശ്രമിച്ചത്. കേരളത്തിലെ യുവജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് വൈഗയുടെ ലക്ഷ്യം. അതിനായി സോഷ്യല്‍ മീഡിയ വഴി കൃഷി വകുപ്പ് കൃഷി പാഠശാലകള്‍ ആരംഭിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ചേര്‍ന്ന് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാന്‍ ഉതകുന്ന തരത്തിലുള്ള പാക്കിംഗ് നടപ്പിലാക്കും. ഇതിനായി ജനുവരി 15ന് ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ചര്‍ച്ച നടത്തി ധാരണാപത്രം ഒപ്പുവെക്കും.

വിവിധ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം നല്‍കാനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തും. ഇതിന്റെ ഭാഗമായി ജനുവരി 15 ന് തിരുവനന്തപുരത്ത് വെച്ച് സ്റ്റാര്‍ട്ടപ്പുകളുമായി കൂടിക്കാഴ്ച നടത്തും. അട്ടപ്പാടി മില്ലറ്റ് വില്ലേജ് ഉല്‍പ്പന്നങ്ങള്‍ നല്ല നിരക്കില്‍ വാങ്ങാന്‍ തയാറായ സ്റ്റാര്‍ട്ടപ്പുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. കര്‍ഷക സംരംഭകരെ കൂടുതല്‍ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഏപ്രില്‍മെയ് മാസങ്ങളില്‍ ബിസിനസ് ടു ബിസിനസ് മീറ്റ് കൊച്ചിയില്‍ നടത്തും. കേരളത്തിലെ പുഷ്പ കൃഷി കര്‍ഷകരുടെ ഉന്നമനത്തിനായി രണ്ടുമാസത്തിനുള്ളില്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രൂപീകരിക്കും. അലങ്കാര ഇലകളുടെ ഉല്‍പ്പാദനവും വിപണനവും വളര്‍ത്താന്‍ അന്താരാഷ്ട്ര തലത്തില്‍ കമ്പനി തുറക്കും.

വാഴപ്പഴ കയറ്റുമതിയുടെ പെരുമാറ്റച്ചട്ടം മെച്ചപ്പെടുത്തി കയറ്റുമതി വിപുലമാക്കും. കാര്‍ഷിക സംരംഭകര്‍ക്ക് സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും കീഴിലൂടെ നല്‍കും. രണ്ടുവര്‍ഷംകൊണ്ട് 350 കാര്‍ഷിക സംരംഭകരെ വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്തുടനീളം ജീവനി പോഷക തോട്ടങ്ങള്‍ നിര്‍മ്മിക്കും. ബഹുരാഷ്ട്ര കുത്തകള്‍ക്ക് വേണ്ടിയുളള കേന്ദ്ര സര്‍ക്കാരിന്റെ കരാര്‍ കൃഷി കേരളത്തിന്റെ കാര്‍ഷിക രംഗത്ത് നടപ്പാക്കില്ല. കര്‍ഷകരെ സ്വയം സംരംഭകരാക്കുകയും ആധുനിക സാങ്കേതികവിദ്യകള്‍ അവര്‍ക്ക് സ്വായത്തമാക്കി നല്‍കുകയും മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കേരളത്തിലെ കാര്‍ഷിക രംഗം കൂടുതല്‍ മെച്ചപ്പെടുത്തുകയുമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും കൃഷി മന്ത്രി കൂട്ടിച്ചേര്‍ത്തു.