പൊതുവിതരണ രംഗത്തുണ്ടായത് വിപ്ലവകരമായ മാറ്റം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഭക്ഷ്യ പൊതുവിതരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായതെന്ന് സഹകരണ - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വരുന്ന നാലുമാസത്തേക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്നതിന്റെ ജില്ലാതല വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് സാധാരണക്കാരുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കുന്നതുകൊണ്ടാണ് ഇത്തരം ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലിലൂടെ പൊതുവിതരണരംഗം അഴിമതി മുക്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് റേഷന്‍ വിതരണം എല്ലാവരിലും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനായെന്നും ഇതു മാതൃകാപരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ആനയറ ഭജനമഠം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൗണ്‍സിലര്‍മാരായ കെ. ശോഭ റാണി, എം. എ. കരിഷ്മ, ഹിമ സിജി ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി. എസ്. റാണി, സപ്ലൈകോ റീജിയണല്‍ മാനേജര്‍ വി. ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.