ലൈഫ് ഭവന സമുച്ചയങ്ങള്‍ക്ക് ശിലപാകി; ജില്ലയില്‍ ഒരുങ്ങുന്നത് 80 ഭവനങ്ങള്‍

post

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി രണ്ട് ഭവന സമുച്ചയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. അഴൂര്‍ പഞ്ചായത്ത്, മടവൂര്‍ പഞ്ചായത്തിലെ സീമന്തപുരം എന്നിവിടങ്ങളിലാണു ഭവന സമുച്ചയങ്ങള്‍ ഒരുങ്ങുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. 80 പേരുടെ വീട് എന്ന സ്വപ്നമാണ് ഈ ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പൂവണിയുന്നത്. 

വീടില്ലാത്തവര്‍ക്ക് വാസസ്ഥലം ഒരുക്കി മികച്ച ജീവിത സാഹചര്യം ഒരുക്കാനാണു ലൈഫ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങളെ ഭയന്ന് വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലേതിന് പുറമേ മറ്റു ജില്ലകളിലെ 27 ഫ് ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ച സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ. യു. വി. ജോസും പങ്കെടുത്തു.

44 കുടംബങ്ങള്‍ക്കായാണ് അഴൂരില്‍ ഫ് ളാറ്റ് സമുച്ചയം ഒരുങ്ങുന്നത്. 6.72 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിക്കായി ഗാന്ധി സ്മാരകത്തിലെ ഒരേക്കര്‍ ഭൂമിയാണ് കണ്ടെത്തിയത്. രണ്ടു മുറി, ഒരു ഹാള്‍ അടുക്കള ശുചിമുറി എന്നിവ അടങ്ങിയതാണ് ഫ് ളാറ്റ്. അഴൂരില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഫ് ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. പദ്ധതിയില്‍പ്പെടുത്തി കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.

മടവൂര്‍ സീമന്തപുരത്തെ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം വി. ജോയി എം.എല്‍.എ. നിര്‍വഹിച്ചു. 5.50 കോടി ചെവലവില്‍ സീമന്തപുരത്ത് റവന്യൂ വകുപ്പ് കൈമാറിയ 1.20 ഏക്കല്‍ സ്ഥലത്താണ് സമുച്ചയം വരുന്നത്. നിര്‍മാണം ആരംഭിക്കുന്ന ഭവന സമുച്ചയത്തിന് പുറമേ ഇതേ ഭൂമിയില്‍ത്തന്നെ ഒരു ഫ് ളാറ്റ് സമുച്ചയം കൂടി നിര്‍മിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു മുഖ്യ പ്രഭാഷണം നടത്തി. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

അഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.