ലൈഫ് സര്‍ക്കാരിന്റെ പ്രധാന വികസന പദ്ധതി : മന്ത്രി കെ രാജു

post

കൊല്ലം : തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന ലൈഫ് സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ പ്രാധനപ്പെട്ട പദ്ധതിയാണെന്ന് മന്ത്രി കെ രാജു. അപേക്ഷകരില്‍ നിന്നും അര്‍ഹരായവരെ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പദ്ധതി സുതാര്യമായാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ തഴമേലാണ് ഫഌറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നിര്‍മാണോദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ അധീനതയിലുള്ള 1.54 ഏക്കര്‍  സ്ഥലത്ത്   ഏഴു നിലകളിലായി 63 ഭവനങ്ങളാണ് ഒരുക്കുന്നത്. 8.49 കോടി രൂപ ഇതിനായി വിനിയോഗിക്കും. ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ സ്വന്തമായി വസ്തു ഉണ്ടായിരുന്ന 128 കുടുംബങ്ങള്‍ക്ക് പഞ്ചായത്തില്‍  വീട് ലഭ്യമാക്കി. മൂന്നാം ഘട്ടത്തില്‍ വസ്തുവും വീടുമില്ലാത്ത 243 കുടുംബങ്ങള്‍ക്കാണ് സ്വന്തം വീട്  ഒരുങ്ങുന്നത്. ഇതില്‍ 63 കുടുംബങ്ങള്‍ക്കായാണ് ഫഌറ്റ് സമുച്ചയം.  ശേഷിക്കുന്ന 180 കുടുംബങ്ങള്‍ക്ക് വസ്തു വാങ്ങുന്നതിനായി രണ്ട് ലക്ഷം രൂപയും വീടിനായി നാല് ലക്ഷം രൂപയും അനുവദിക്കും.

അഞ്ചല്‍ ജെ ജെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ സി ബിനു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എസ് ഷിജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിന്ദു മുരളി, എന്‍ അനില്‍കുമാര്‍, ഗിരിജാ മുരളി, എം ഗീതാകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു