ലൈഫ് ഭവനപദ്ധതി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം : സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ് ലൈഫ് ഭവനപദ്ധതിയെന്ന് ഫിഷറീസ് വകുപ്പ്   മന്ത്രി ജെ  മേഴ്‌സിക്കുട്ടിയമ്മ. ലൈഫ് പദ്ധതി   പ്രകാരം കടപുഴ  പുതുശ്ശേരിമുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച പാര്‍പ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു  മന്ത്രി.  

പടിഞ്ഞാറേ കല്ലടയിലെ റോഡുകളുടെ വികസനത്തിനായി 73.18 കോടിരൂപയും അടുത്തമാസം ആദ്യം ആരംഭിക്കുന്ന മണ്‍ട്രോതുരുത്ത്‌പെരുമണ്‍ പാലം നിര്‍മാണത്തിനായി  42 കോടി രൂപയും അനുവദിച്ചതായി  മന്ത്രി പറഞ്ഞു. സമയബന്ധിതമായി ഫഌറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

എല്ലാവര്‍ക്കും സ്വന്തമായി  വീടുള്ള  സംസ്ഥാനം എന്ന പേരില്‍ കേരളം  അറിയപ്പെടുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ പറഞ്ഞു. പുതുശ്ശേരിമുകളില്‍ മൂന്നര ഏക്കര്‍ സ്ഥലത്ത് നാലു നിലകളിലുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. 72 കുടുംബങ്ങള്‍ക്കാണ് വീട് ലഭിക്കുക. 9.54കോടി യാണ് നിര്‍മാണച്ചെലവ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാപഞ്ചായത്ത് അംഗം കെ ശോഭന, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കലാദേവി, പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭ, വൈസ് പ്രസിഡന്റ് കെ സുധീര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ലൈഫ് ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.