തീരസംരക്ഷണത്തിന് നല്‍കുന്നത് അതീവ ശ്രദ്ധ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം : തീരസംരക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്നത് അതീവ ശ്രദ്ധയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കൊല്ലം ജില്ലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതുമായ വിവിധ റോഡുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പരവൂരില്‍ നിന്നും കൊല്ലത്തേക്ക് 1520 മിനിറ്റില്‍ എത്താവുന്ന വിധം റോഡ് സൗകര്യം ഉറപ്പാക്കും. ഫ്‌ളൈ ഓവര്‍ അടക്കം റോഡ് വികസനം വരും. എന്നാല്‍ പരവൂരില്‍ ചിലര്‍ തടസവാദങ്ങള്‍ ഉന്നയിക്കുന്നത് ഖേദകരമാണ്. തടസങ്ങള്‍ നീക്കി ഉടന്‍ റോഡുവികസനം നടപ്പിലാക്കും.

ആറു മാര്‍ക്കറ്റുകളുടെ ഉദ്ഘാടനവും  ഉടന്‍ നടക്കും. തങ്കശ്ശേരി, കടപ്പാക്കട, മൂന്നാംകുറ്റി, പള്ളിമുക്ക് എന്നിവിടങ്ങളിലാണ് ഉടന്‍ ഉദ്ഘാടനം നടക്കുക. ഗുണമേ•യുള്ള മത്സ്യം ഉടന്‍ മാര്‍ക്കറ്റിലേക്ക് എന്ന ലക്ഷ്യമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നാലര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ 1663 റോഡുകള്‍ പൂര്‍ത്തീകരിച്ചു. 40 കോടി രൂപ ചെലവില്‍ 81 റോഡുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍ പൂര്‍ത്തീകരിച്ചതിന്റെയും 53.41 കോടി രൂപ ചെലവില്‍ 109 റോഡുകള്‍ നിര്‍മിക്കുന്നതിന്റെയും ഉദ്ഘാടനങ്ങള്‍ നടന്നുവരുകയാണ്.

കൊല്ലം ജില്ലയില്‍ 6.57 കോടി രൂപ ചെലവില്‍ റോഡുകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെയും 11.83 കോടി രൂപ ചെലവില്‍ റോഡുകള്‍ നിര്‍മിക്കുന്നതിന്റെയും ഉദ്ഘാടനമാണ് ഇന്നലെ(സെപ്തംബര്‍ 24) മന്ത്രി നിര്‍വഹിച്ചത്. കൊല്ലം, ചാത്തന്നൂര്‍, കുന്നത്തൂര്‍, ഇരവിപുരം, ചവറ മണ്ഡലങ്ങളിലെ റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. മറ്റ് മണ്ഡലങ്ങളിലെ ഉദ്ഘാടനം പിന്നീട് നടത്തുമെന്ന് മന്ത്രി പറഞ്ഞു.