സാമൂഹിക സന്നദ്ധ സേന: ആദ്യ ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

post

പാലക്കാട് : അടിയന്തര സാഹചര്യങ്ങളില്‍ സ്വയം സന്നദ്ധരായി ഇറങ്ങുന്നവരെ ഏത് സാഹചര്യവും നേരിടാന്‍ പ്രാപ്തരാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ സാമൂഹിക സന്നദ്ധ സേനയുടെ ആദ്യ ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രീ  മണ്‍സൂണ്‍ ഓണ്‍ലൈന്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജില്ലയിലെ 15 പേര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യനാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.  

അടിയന്തര സാഹചര്യങ്ങളില്‍ സ്വയം സന്നദ്ധരായി ഇറങ്ങുന്നവരെ ഏത് സാഹചര്യവും നേരിടാന്‍ പ്രാപ്തരാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് സാമൂഹിക സന്നദ്ധ സേന പദ്ധതി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സേനയില്‍ അംഗങ്ങളായിട്ടുണ്ട്. സന്നദ്ധ സേനയില്‍ അംഗങ്ങളായി പരിശീലനം ലഭിച്ചവര്‍ക്ക് പദ്ധതി ഡയറക്ടര്‍ അമിത് മീണയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. 

ദുരന്തമുണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, പ്രവര്‍ത്തിക്കണം എന്നത് സംബന്ധിച്ച് പോലീസ്, അഗ്‌നിശമനസേന, ദുരന്തനിവാരണ സേന, വനം വകുപ്പ് എന്നിവിടങ്ങളില്‍ നിന്നായി 700 ലധികം പരിശീലകരാണ് പരിശീലനം നല്‍കുന്നത്. നാല് ബാച്ചുകളായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ആദ്യ ബാച്ചാണ് ഇപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക അടുക്കള, മരുന്നകള്‍, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ വാങ്ങി നല്‍കല്‍, രക്തദാനം, കോവിഡ് കോള്‍ സെന്ററുകള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം സാമൂഹിക സന്നദ്ധ സേന പ്രവര്‍ത്തകര്‍ സജീവമാണ്.

സന്നദ്ധ സേനാംഗങ്ങളായ ആര്‍. പ്രണവ്, ജ്വാല ജോഷി, സി.ഗിരീഷ്, കെ.സുധീഷ്, വി.എ. അജ്‌സല്‍, എ. വിശാഖ്, ആര്‍. അഖിലേഷ്, കാര്‍ത്തിക് ആര്‍. നായര്‍, സുനീഷ്, അന്‍ഷിഫ് അസീസ്, സി. അനീസ്, ടി. ടി. നൗഫല്‍, നൗഷാദ്, അബു താഹിര്‍, മിനി  എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. അസി. കലക്ടര്‍ ഡി. ധര്‍മ്മല ശ്രീ, എ.ഡി.എം ആര്‍. പി. സുരേഷ്, സാമൂഹിക സന്നദ്ധ സേന വോളണ്ടിയേഴ്‌സ് ജില്ലാ നോഡല്‍ ഓഫീസര്‍ ടോംസ് എന്നിവര്‍ പങ്കെടുത്തു.