ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് സാര്‍വദേശീയ പ്രസക്തിയുണ്ട്: മുഖ്യമന്ത്രി

ചട്ടമ്പിസ്വാമിക്കും തലസ്ഥാന നഗരിയില്‍ സ്മാരകം ഒരുക്കും
തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് സാര്‍വദേശീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ആത്മ സോദരര്‍ എന്ന ചിന്ത പടര്‍ത്താനായാല്‍ വര്‍ഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള വിദ്വേഷവും കലാപവും നരമേധവും ലോകത്ത് ഇല്ലാതാവും. ഗാസ മുതല്‍ അഫ്ഗാനിസ്ഥാനില്‍ വരെ ഇന്നു കാണുന്ന വംശീയതയുടെ പേരിലുള്ള കുരുതികള്‍ ഒഴിവാകും. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അവിടങ്ങളിലൊക്കെ എത്തിയാല്‍ മനസുകളില്‍ നിന്ന് വിദ്വേഷം കുടിയിറങ്ങുകയും സ്നേഹവും സാഹോദര്യവും തെളിഞ്ഞു കത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരാചാരങ്ങളും അനാചാരങ്ങളും ഒഴിവാക്കി സമൂഹത്തെ ശുദ്ധീകരിക്കാനാണ് ഗുരു ഇടപെട്ടത്. എന്നാല്‍ ഇപ്പോള്‍ പല ദുരാചാരങ്ങളും അനാചാരങ്ങളും മടങ്ങിവരുന്നത് നാം ഗൗരവത്തോടെ കാണണം. കാലം മാറിയിട്ടും ദുരാചാരങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഇവയെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. ഇന്ത്യയിലെ പലയിടങ്ങളിലും ഇത് കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലും മന്ത്രവാദവും സ്ത്രീ വിരുദ്ധതയും കണ്ടുവരുന്നു. അഭ്യസ്തവിദ്യര്‍ പോലും ഇതില്‍ പെടുന്നു.
കേരളത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്കും നാം ഗുരുവിനോടു കടപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് ജനാധിപത്യമേയുണ്ടായിരുന്നില്ല. ജനാധിപത്യം കടന്നുവന്നപ്പോള്‍ ചില പ്രത്യേക ജാതിയില്‍ പെട്ടവര്‍ക്കും സമ്പന്നര്‍ക്കും മാത്രമായിരുന്നു വോട്ടവകാശം. ജാതിഭേദമില്ലാത്ത സോദരത്വം എന്ന ചിന്ത പ്രകാശം പരത്തിയതോടെയാണ് കേരളം സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം എന്ന സങ്കല്‍പം സ്വീകരിക്കാന്‍ മനസുകൊണ്ട് പ്രാപ്തമായത്.
കേരളത്തിലെ മറ്റൊരു നവോത്ഥാന നായകനായ ചട്ടമ്പിസ്വാമിക്കും തലസ്ഥാന നഗരിയില്‍ സര്‍ക്കാര്‍ സ്മാരകം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംഘടന കൊണ്ട് ശക്തരാകണം എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ വേരോട്ടം ഉണ്ടാക്കിയത്. ജാതിക്കും മതത്തിനും അതീതമായ മാനസിക വീക്ഷണമാണ് ഗുരു മുന്നോട്ടുവച്ച ആശയം. ഗുരുവിന്റെ സന്ദേശങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ നാം മനസിലാക്കണം. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ നരനും നരനും തമ്മില്‍ സാഹോദര്യം പുലര്‍ത്തുന്ന പുതു സമൂഹം പിറക്കും.
ജനജീവിതത്തെ മനുഷ്യസമൂഹത്തിന് അനുയോജ്യമായ വിധത്തില്‍ പരിവര്‍ത്തിപ്പിച്ചെടുക്കുന്നതില്‍ സുപ്രധാന പങ്കാണ് ഗുരു വഹിച്ചത്. ഗുരുവിന്റെ ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ സന്ദേശങ്ങളാണ്. ആ സന്ദേശങ്ങള്‍ പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയുമാണ് ഗുരുവിന് നല്‍കാവുന്ന ആദരാഞ്ജലി. എന്നാല്‍ അതെല്ലാം അമൂര്‍ത്ത സ്മാരകങ്ങളാണ്. അതോടൊപ്പം മൂര്‍ത്തമായ സ്മാരവും വേണം. അതു ഗുരുവിലേക്ക് പുതിയ തലമുറയേയും വിദേശികളെയും ആകര്‍ഷിക്കാന്‍ സഹായിക്കും.
ശ്രീനാരായണ ഗുരുവിന്റെ സങ്കല്‍പത്തിലെ സമൂഹം പൂര്‍ണ അര്‍ത്ഥത്തില്‍ സാധ്യമാക്കാന്‍ നമുക്കായിട്ടില്ല. അതിനുള്ള എല്ലാ വഴിയും ആരായാന്‍ നമുക്ക് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിന്റെ പ്രതിമ നിര്‍മിച്ച ശില്‍പി ഉണ്ണി കാനായിയെ മുഖ്യമന്ത്രി ആദരിച്ചു.
കേരള നവോത്ഥാന മണ്ഡലത്തില്‍ മുന്‍പന്തിയിലുള്ള മഹദ്വ്യക്തികള്‍ക്ക് വിവിധ ജില്ലകളില്‍ സ്മാരകങ്ങള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഓപ്പണ്‍ സര്‍വകലാശാല സര്‍ക്കാര്‍ കൊല്ലത്ത് സ്ഥാപിക്കുന്നു. 55 കോടി രൂപ ചെലവില്‍ കൊല്ലത്ത് ഗുരുവിന്റെ പേരിലുള്ള സാംസ്‌കാരിക സമുച്ചയത്തിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. ഗുരുവിനെ ചിലര്‍ ഒരു ജാതിയുടെ നേതാവായി കാണുന്നു. എന്നാല്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാട് അതല്ല. ഗുരു സന്ദേശം ഉള്‍ക്കൊണ്ട് സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു എല്ലാവരുടേതുമാണെന്ന സത്യം പ്രവൃത്തിയിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിനായെന്ന് മുഖ്യാതിഥിയായ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എം. എല്‍. എമാരായ വി. എസ്. ശിവകുമാര്‍, വി. കെ. പ്രശാന്ത്, ഒ. രാജഗോപാല്‍, മേയര്‍ കെ. ശ്രീകുമാര്‍, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ടി. ആര്‍. സദാശിവന്‍ നായര്‍, ലളിതകലാ അക്കാഡമി ചെയര്‍മാന്‍ നേമം പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.