മേനച്ചോടി - തൃക്കടാരിപൊയില്‍, വാരപ്പീടിക- മഞ്ഞളാംപുറം റോഡുകള്‍ ഉദ്ഘാടനം ചെയ്തു

post

കണ്ണൂര്‍: ജില്ലയില്‍ കോളയാട് മേനച്ചോടി - തൃക്കടാരിപൊയില്‍ കണ്ണൂര്‍ വിമാനത്താവളം റോഡ്,  വാരപ്പീടിക- മഞ്ഞളാംപുറം റോഡ് എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 33 കോടി ചെലവിലാണ് ഇരു റോഡുകളുടെയും പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കോളയാട് മേനച്ചോടി - തൃക്കടാരിപൊയില്‍ കണ്ണൂര്‍ വിമാനത്താവള റോഡിന്റെ ഉദ്ഘാടനം മട്ടന്നൂര്‍ നഗരസഭാ ടൗണ്‍ ഹാളില്‍  നടന്നു. നാടും നഗരവും  ഒരുപോലെ ഗതാഗതയോഗ്യമാക്കുന്ന സുപ്രധാനമായ പ്രവൃത്തിയാണിതെന്ന് മന്ത്രി ഉദ്ഘാടന വേളയില്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന വയനാടുകാര്‍ക്ക് റോഡ് വരുന്നതു വഴി കണ്ണൂരില്‍ എളുപ്പത്തില്‍ എത്തിച്ചേരാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

18 കോടി രൂപയാണ് റോഡ് പ്രവൃത്തിക്കായി ചെലവഴിച്ചത്. കൂത്തുപറമ്പ് നെടുംപൊയില്‍ റോഡില്‍ കോളയാട് ടൗണില്‍ നിന്നും ആരംഭിച്ച് മേനച്ചോടി, അരയങ്ങാട്, തൃക്കടാരിപ്പൊയില്‍, മാലൂര്‍, ശിവപുരം വഴി മട്ടന്നൂരിലാണ് റോഡ് അവസാനിക്കുന്നത്. മൂന്ന് ഗ്രാമപഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോവുന്നത്. പുതിയ റോഡ് വരുന്നത് വഴി കോളയാട്, പേരാവൂര്‍, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്കും വയനാട് ജില്ലയിലുള്ളവര്‍ക്കും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കും. 15.40 കിലോമീറ്റര്‍ മേജര്‍ ജില്ലാ റോഡും 4.60 കി മീ പഞ്ചായത്ത് റോഡും പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 10 കലുങ്കുകളുടെ പുനര്‍ നിര്‍മാണം, ഏഴ് കലുങ്കുകളുടെ വലിപ്പം കൂട്ടല്‍, പാര്‍ശ്വഭിത്തി നിര്‍മാണം, കോണ്‍ക്രീറ്റ് ഓവുചാല്‍, 5.50 മീറ്റര്‍ മെക്കാഡം ടാറിംഗ് എന്നിവയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായി ക്രാഷ് ബാരിയര്‍, റോഡ് മാര്‍ക്കിംഗ്, സീബ്രാ ലൈനുകള്‍, സൈന്‍ബോര്‍ഡുകള്‍, റിഫ്‌ളക്ടീവ് സ്റ്റഡ് എന്നിവയും റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.

മലയോര മേഖലയുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് പേരാവൂര്‍ മണ്ഡലത്തില്‍ നിര്‍മ്മിച്ച വാരപ്പീടിക മഞ്ഞളാംപുറം റോഡിന്റെ ഉദ്ഘാടനം പെരുന്തോടി യു പി സ്‌കൂളില്‍ ഓണ്‍ലൈനായി നടന്നു. 15 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  

ജില്ലയിലെ പ്രധാന റോഡായ ഇരിട്ടി-പേരാവൂര്‍-നെടുംപൊയില്‍ റോഡില്‍ വാരപ്പീടികയില്‍ നിന്നും ആരംഭിച്ച്  പെരുന്തോടി, കൊളക്കാട് എന്നീ പ്രധാന സ്ഥലങ്ങളിലൂടെ പേരാവൂര്‍-കേളകം-കൊട്ടിയൂര്‍ റോഡില്‍ മഞ്ഞളാംപുറം എന്ന സ്ഥലത്താണ് റോഡ് എത്തിച്ചേരുന്നത്. കോളയാട്, കണിച്ചാര്‍, കേളകം എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

നിലവില്‍ റോഡിന് ഒമ്പത് കിലോമീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുണ്ട്. റോഡിന്റെ ഉപരിതലം മുഴുവനായും 5.50 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ് നടത്തിയിട്ടുണ്ട്. വീതി 10 മീറ്റര്‍ ആയി വികസിപ്പിച്ച്  വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഓടകളും കലുങ്കുകളും നിര്‍മ്മിച്ച് റോഡ് ഉയര്‍ത്തി സംരക്ഷണ ഭിത്തികള്‍ ഉള്‍പ്പെടെയുള്ള റോഡ് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.