കുന്നംകുളത്ത് ഹൈടെക് പോലീസ് സ്റ്റേഷന്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി എ സി മൊയ്തീന്‍

post

തൃശൂര്‍ : സംസ്ഥാനത്താദ്യമായി എം എല്‍ എ ഫണ്ടില്‍ നിര്‍മ്മിക്കുന്ന കുന്നംകുളത്തെ ഹൈടെക് പോലീസ് സ്റ്റേഷന്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മന്ത്രിയുടെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഇതിനായി ഒന്നര കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. കുന്നംകുളത്തെ തൃശൂര്‍ റോഡിലുള്ള നിലവിലെ സ്റ്റേഷന്‍ ഉടന്‍ പൊളിക്കും. തുടര്‍ന്ന് ഈ മാസം (സെപ്തംബര്‍) തന്നെ പുതിയ ഹൈടെക് പോലീസ് സ്റ്റേഷന് തറക്കല്ലിടുമെന്നും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

പോലീസ് സ്റ്റേഷന്‍ കെട്ടിടം പൊളിക്കുന്നതിനുള്ള സാങ്കേതികാനുമതി ലഭിച്ചു കഴിഞ്ഞു. ഈയാഴ്ച തന്നെ കെട്ടിടം പൊളിച്ചു തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ റോഡിലെ പോലീസ് സ്റ്റേഷന്‍ പൊളിക്കല്‍ നടപടികള്‍ക്കായി അടച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ റോഡിലെ താല്‍കാലിക കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, ജില്ലാ പോലീസ് മേധാവി ആര്‍ ആദിത്യ, എ സി പി ടി എസ് സിനോജ്, എസ് ഐ ഇ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

പോലീസ് സ്റ്റേഷന്‍ വാടക കെട്ടിടത്തിലേക്ക് മാറ്റിയതോടെ പരാതികള്‍ സ്വീകരിക്കലും എഫ് ഐ ആര്‍ രജിസ്‌ട്രേഷനും ആരംഭിച്ചു. സാധന സാമഗ്രികളും ഔദ്യോഗിക രേഖകളും കമ്പ്യൂട്ടര്‍ അനുബന്ധ സാമഗ്രികളും കഴിഞ്ഞ ദിവസം തന്നെ ഇവിടേക്ക് മാറ്റിയിരുന്നു.

മൂന്ന് നിലകളിലായാണ് പുതിയ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. എയര്‍ കണ്ടീഷന്‍, ലിഫ്റ്റ്, ടി വി ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, സന്ദര്‍ശക മുറി, വാഹന പാര്‍ക്കിങ്, ഗാര്‍ഡന്‍, കവാടം മുതലായ സൗകര്യങ്ങളോടെയാണ് പുതിയ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. കുന്നംകുളം നഗരസഭ എന്‍ജിനീയറിങ് വിഭാഗമാണ് രൂപരേഖ തയ്യാറാക്കുന്നത്. വടകര ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല.