കോവിഡ് 19 പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമായി : മന്ത്രി എ.സി. മൊയ്തീന്‍

post

തൃശൂര്‍ : പൊലീസ്  ആരോഗ്യ വകുപ്പുകള്‍ക്കൊപ്പം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചത് നിര്‍ണായക പങ്കാളിത്തമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗവ്യാപനത്തിന്റെ ആരംഭ ഘട്ടത്തില്‍ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ രോഗ വ്യാപനം തടയുന്നതിലും മരണസംഖ്യ കുറയ്ക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ ഏകോപന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തിന്റെ വികസനരേഖ മുരളി പെരുനെല്ലി എം എല്‍ എ യില്‍ നിന്നും പ്രശസ്ത ചുമര്‍ചിത്രകാരന്‍ നളിന്‍ ബാബു ഏറ്റുവാങ്ങി. മുരളി പെരുനെല്ലി എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 91.5 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.

രണ്ട് നിലകളിലായി 346 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് നിര്‍മാണം. താഴത്തെ നിലയില്‍ അംഗപരിമിതര്‍ക്ക് ഓഫീസിലേക്ക് പ്രവേശിക്കുന്നതിന് റാമ്പോട് കൂടിയ കെട്ടിടത്തില്‍ ക്യാബിനുകളും, ശുചിമുറി സൗകര്യങ്ങളുമാണ് ഉള്ളത്. ഒന്നാം നിലയില്‍ മീറ്റിംഗ് ഹാളും, പഴയ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ, തൊഴിലുറപ്പ് വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് വേണ്ട സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുരളി പെരുനെല്ലി എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ രവീന്ദ്രന്‍, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജ്,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മേരി പ്രിന്‍സ്, സീമ ഉണ്ണികൃഷ്ണന്‍, മിനി മോഹന്‍ദാസ്, ഇന്ദുലേഖ ബാജി, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ കെ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു. മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി സ്വാഗതവും മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വേണുഗോപാല്‍ നന്ദിയും പറഞ്ഞു.