വയോജനങ്ങള്‍ക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കാന്‍ കോള്‍സെന്റര്‍

post

കൊല്ലം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളോ മാനസിക പ്രയാസങ്ങളോ ഒറ്റപ്പെടലുകളോ നേരിടുന്ന വയോജനങ്ങള്‍ക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു, നമ്പര്‍ 04742741510. തേവള്ളി ഗേള്‍സ് ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബില്‍ ആരംഭിച്ച സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍  തേവള്ളി സ്വദേശിയും സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ  സെക്രട്ടറിയുമായ  എം ഡി രാജനുമായി ആദ്യ സംഭാഷണം നടത്തി.

കരുതലും സംരക്ഷണവും ഏറെ ആവശ്യമുള്ള വിഭാഗമാണ് വയോജനങ്ങളെന്നും പരാതികള്‍ക്കിടവരാത്ത വിധം സൗഹൃദപൂര്‍ണമായ ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍  ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ സിജു ബെന്‍ അധ്യക്ഷനായി. വനിതാ ശിശുവികസന വകുപ്പ്, ആരോഗ്യവകുപ്പ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍  കുടുംബശ്രീ മിഷന്‍ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിക്കുന പദ്ധതിയില്‍ കൗണ്‍സലിംഗ്, ടെലിമെഡിസിന്‍, ബോധവത്കരണങ്ങള്‍ എന്നിവ നല്‍കും. സാമൂഹ്യ നീതി ഓഫീസര്‍ക്കാണ് പദ്ധതിയുടെ പൂര്‍ണ ചുമതല.

ജില്ലയില്‍ വൃദ്ധസദനങ്ങളിലുള്‍പ്പടെ 3.33 ലക്ഷം വയോജനങ്ങളാണുള്ളത്. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനമെന്ന നിലയില്‍ ഫോണ്‍ മുഖേന മുഴുവന്‍ പേരെയും ബന്ധപ്പെട്ട് പ്രത്യേകം തയ്യാറാക്കിയ സോഫ്‌റ്റ്വെയറില്‍ എല്ലാ  വിവരങ്ങളും ശേഖരിക്കും. വിവരശേഖരണത്തിലൂടെ എന്തൊക്കെ പ്രശ്‌നങ്ങളാണ് ഇവര്‍ നേരിടുന്നത്, ഏത് തരത്തിലുള്ള പരിഹാര മാര്‍ഗങ്ങളാണ് നല്‍കേണ്ടത് എന്നത് കൃത്യമായി അപഗ്രഥിക്കാന്‍ സാധിക്കും. തുടര്‍ന്ന് മനശാസ്ത്ര വിദഗ്ധരും അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്ന സമിതി ആവശ്യമായ സേവനങ്ങള്‍ നല്‍കും.

എല്ലാ ദിവസവും രാവിലെ  ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും രണ്ടു മുതല്‍ രാത്രി പത്ത് വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. പ്രത്യേക പരിശീലനം ലഭിച്ച പത്തോളം വോളന്റിയേഴ്‌സിനാണ് ഇതിന്റെ ചുമതല. വിവരശേഖരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക്  തദ്ദേശസ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവ വഴി കോള്‍ സെന്ററില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍ വയോജനങ്ങളിലെത്തിക്കുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിജു ബെന്‍ പറഞ്ഞു. 10 കോളുകള്‍ ഒരുമിച്ച് സ്വീകരിച്ച് മറുപടി നല്‍കുന്ന തരത്തിലാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം.

സാമൂഹ്യ നീതി ഓഫീസ് സൂപ്രണ്ട് എസ് എല്‍ മോഹനകുമാര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, കോള്‍ സെന്റര്‍ വോളന്റിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.