കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളും മുഖ്യപങ്ക് വഹിക്കുന്നു : മുഖ്യമന്ത്രി

post

തൃശൂര്‍ : കോവിഡ് മഹാമാരിയെ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളും വലിയ പങ്കുവഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുന്നംകുളത്ത് ഇ കെ നായനാര്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് പ്രതിസന്ധി കാലത്ത് കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രധാനപ്പെട്ട സമൂഹ അടുക്കള ലോകം ശ്രദ്ധിച്ച ഒന്നാണ്. അതോടൊപ്പം അതിഥിതൊഴിലാളികള്‍, അശരണര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തി നാം മുന്നേറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചതോടെ മരണനിരക്കും കുറയ്ക്കുവാനായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏറെ ജാഗ്രത വേണ്ട സമയമാണ്. ഇവിടെ നാം ക്ഷീണിച്ചു പോകരുത്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഹകരിക്കണമെന്നും പോലീസും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുന്നംകുളം നഗരസഭ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സ് വിവിധങ്ങളായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വിഭാവനം ചെയ്തത് സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കുന്നംകുളത്ത് സംസ്ഥാന സര്‍ക്കാരിന് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡ് ഒരു കോടി രൂപ മുടക്കി നവീകരിക്കാന്‍ പദ്ധതിയാരംഭിച്ചിട്ടുണ്ട്. കുന്നംകുളത്തിന്റെ സാഹിത്യകാരന്‍ സി വി ശ്രീരാമന് വേണ്ടി ഒരു സ്മാരകം നിര്‍മ്മിക്കും. ഇതിന് സ്ഥലം ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 36 കോടി രൂപ ചെലവില്‍ അക്കിക്കാവ് - കേച്ചേരി ബൈപ്പാസ് റോഡ് നവീകരിക്കല്‍, ലോക ബാങ്കിന്റെ സഹായത്തോടെ 13 കോടി രൂപ ചെലവില്‍ കുന്നംകുളത്ത് ഖരമാലിന്യ സംസ്‌കരണ കേന്ദ്രം, ആര്‍ത്താറ്റ് ആരോഗ്യ കേന്ദ്രം, 9.5 കോടി രൂപ ചെലവില്‍ കിഴൂര്‍ പോളിടെക്നിക് നവീകരണം തുടങ്ങി ഒട്ടേറെ മാതൃകാപദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കുന്നംകുളത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം സെപ്റ്റംബര്‍ 30 നകം തുറന്ന് കൊടുക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

ജില്ലാകളക്ടര്‍ എസ് ഷാനവാസ് (ഓണ്‍ലൈന്‍), നടന്‍ വി കെ ശ്രീരാമന്‍, എഴുത്തുകാരായ ടി ഡി രാമകൃഷ്ണന്‍ (ഓണ്‍ലൈന്‍), റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന്‍, കലാമണ്ഡലം നിര്‍വ്വാഹക സമിതിയംഗം ടി കെ വാസു, ആര്‍ക്കിടെക്ചര്‍ ഡോ. ജോത്സ്ന റാഫേല്‍, നിര്‍മ്മാണ ചുമതല സ്ഥാപന പ്രതിനിധി രമേശന്‍ പാലേരി, നഗരസഭ വെസ് ചെയര്‍മാന്‍ പി എം സുരേഷ്, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അസി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ സി ബിനയ് ബോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍ പേഴ്സന്‍ സീതാരവീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി ബി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു