പൂമംഗലത്ത് വനിതകള്‍ക്കായി വ്യവസായ കേന്ദ്രം തുറക്കുന്നു; ഉദ്ഘാടനം 15ന്

post

തൃശൂര്‍ : പൂമംഗലം പഞ്ചായത്തില്‍ വനിതാ വ്യവസായകേന്ദ്രം തുറക്കുന്നു. വിവിധ തൊഴില്‍സംരംഭങ്ങള്‍ തുടങ്ങാനായി കുടുംബശ്രീ യൂണിറ്റുകളാണ് വ്യവസായകേന്ദ്രത്തിലേക്കെത്തുന്നത്. വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 15ന് രാവിലെ 11.30ന് എടക്കുളം കനാല്‍ കിഴക്ക് അങ്കണവാടി പരിസരത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു വ്യവസായ കേന്ദ്രം. വനിതാ ഘടകപദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് സെന്റ് സ്ഥലം വാങ്ങി. പിന്നീട് പ്രൊഫ. കെ.യു അരുണന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 24 ലക്ഷം രൂപ കേന്ദ്രം നിര്‍മ്മിക്കാന്‍ അനുവദിച്ചു. 1200 ചതുരശ്ര അടിയില്‍ ഏഴ് മുറികളായാണ് നിര്‍മ്മാണം. 12 വര്‍ഷം മുന്‍പ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 600 ചതുരശ്ര അടിയിലുള്ള ഒരു കെട്ടിടം കൂടി ഈ കോമ്പൗണ്ടില്‍ നിലനില്‍ക്കുന്നുണ്ട്. ഇതുകൂടി വ്യവസായകേന്ദ്രത്തോട് കൂട്ടി ചേര്‍ക്കുവാനാണ് തീരുമാനം. 10 കുടുംബശ്രീകള്‍ ഇതിനകം അപേക്ഷ നല്‍കിയിട്ടുണ്ട്. അഞ്ചു കുടുംബശ്രീകളുടെ അപേക്ഷയില്‍ നടപടികളായി.

ഇതില്‍ 'അഞ്ജിത' കുടുംബശ്രീ നേരത്തെതന്നെ ഒരു കെട്ടിടം വാടകക്കെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇവരുടെ 'ബയോ ഗ്രീന്‍ പ്രൊഡക്ഷന്‍സ്' സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, സോപ്പ് എന്നിവ നേരത്തെ തന്നെ വിതരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

പ്രൊഫ കെ യു അരുണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് മുഖ്യാതിഥിയാവും.