ലൈഫ് മിഷന്‍: ജില്ലയില്‍ 16450 വീടുകള്‍ പൂര്‍ത്തീകരിച്ചു: മന്ത്രി എ.സി മൊയ്തീന്‍

post

തൃശൂര്‍ : ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 16450 വീടുകള്‍ പൂര്‍ത്തീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. ഈ മാസം ആയിരത്തിലധികം വീടുകള്‍ കൂടി പൂര്‍ത്തീകരിക്കും. പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ പ്രളയബാധിതരായ 14 കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ചെലവില്‍ റോട്ടറി ക്ലബ് നിര്‍മ്മിച്ചു നല്‍കിയ 'പ്രളയപ്പുര'യുടെ താക്കോല്‍ദാന കര്‍മ്മം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കനോലി കനാലിനോട് ചേര്‍ന്ന് 60 സെന്റ് സര്‍ക്കാര്‍ ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കിയത്.

പാവപ്പെട്ട ആളുകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയെന്ന സദുദ്ദേശപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ലൈഫ് മിഷന്റെ പരിശോധനയ്ക്ക് ശേഷം സ്പെസിഫിക്കേഷന് വിധേയമായിട്ടുള്ള വീട് നിര്‍മ്മിച്ചു നല്‍കുക. അതിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുക. 14 ജില്ലകളിലും സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 14 ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പ്രളയകാലത്തും മഹാമാരിയുടെ കാലത്തും റോട്ടറി ക്ലബ് രാജ്യത്തിനും ജനങ്ങള്‍ക്കും നിരവധി സംഭാവനകള്‍ എത്തിച്ചു നല്‍കി. പെരിഞ്ഞനം പഞ്ചായത്തും റോട്ടറി ക്ലബും ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചതെന്ന് മന്ത്രി അഭിനന്ദിച്ചു.

കുറ്റിലക്കടവ് ഫ്ളാറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫ്ളാറ്റുകളുടെ താക്കോല്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഏറ്റുവാങ്ങി. ഹാബിറ്റാറ്റ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. ശങ്കര്‍ രൂപകല്‍പന ചെയ്ത സമുച്ചയത്തില്‍ രണ്ട് കിടപ്പുമുറി, ഒരു ഹാള്‍, അടുക്കള, ബാത്ത് റൂം എന്നിവ ഉള്‍പ്പെടെ 540 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ള 14 വീടുകളാണുള്ളത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ റൊട്ടേറിയന്‍ ജോസ് ചാക്കോ മുഖ്യാതിഥിയായി. മുന്‍ റോട്ടറി, ഡിസ്ട്രിക്ട് ഗവര്‍ണര്‍ റൊട്ടേറിയന്‍ എ.വി പതി, ആര്‍എംവിഎച്ച്എസ് സ്‌കൂള്‍ മാനേജര്‍ ഫാത്തിമ മോഹന്‍, മുഹമ്മദ് മതിലകത്തുവീട്ടില്‍ എന്നിവരെ ആദരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലതരാജ് കുട്ടന്‍, പെരിഞ്ഞനം പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ സുധീര്‍, ശൈലജ പ്രതാപന്‍, വാര്‍ഡംഗം പ്രജിത രതീഷ്, സെക്രട്ടറി പി. സുജാത, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ കെ രേവ തുടങ്ങിയവര്‍ പങ്കെടുത്തു.