ഹൈസ്‌കൂള്‍ ജംഗ്ഷന്‍, ചെമ്മാന്‍മുക്ക് മേല്‍പ്പാലങ്ങള്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നാടിന് സമര്‍പ്പിച്ചു

post

കൊല്ലം : നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളായ ഹൈസ്‌കൂള്‍ ജംഗ്ഷന്‍, ചെമ്മാന്‍മുക്ക് പ്രദേശങ്ങളിലെ  യാത്രക്കാര്‍ക്ക് ഇനി സുഗമമായി റോഡ് മുറിച്ചു കടക്കാം. ഹൈസ്‌കൂള്‍ ജംഗ്ഷന്‍, ചെമ്മാന്‍മുക്ക് മേല്‍പ്പാലങ്ങള്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിച്ചു. മേയര്‍ ഹണി  ബഞ്ചമിന്‍ അധ്യക്ഷയായി. ഹൈസ്‌കൂള്‍ ജംഗ്ഷനിലെ മേല്‍പ്പാലത്തിന്റെ ശിലാഫലകം എം മുകേഷ് എം എല്‍ എയും ചെമ്മാന്‍മുക്കിലേത് എം നൗഷാദ് എം എല്‍ എയും അനാശ്ചാദനം ചെയ്തു.

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മേല്‍പ്പാലങ്ങളുടെ നിര്‍മാണം. ചെമ്മാന്‍മുക്ക് മേല്പാലത്തിന് 54 ലക്ഷം രൂപയും ഹൈസ്‌കൂള്‍ ജംഗ്ഷനിലെ മേല്‍പ്പാലത്തിന്  61 ലക്ഷം രൂപയുമാണ് നിര്‍മ്മാണ ചെലവ്. കിറ്റ്ക്കോയാണ് കൊല്ലത്തിന്റെ തനതായ ശൈലിയില്‍ ഇവ രൂപകല്‍പ്പന ചെയ്തത്. മേല്‍പ്പാലത്തിന്റെ പില്ലറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ചിന്നക്കട ക്ലോക്ക് ടവര്‍ മാതൃകയിലാണെന്നതും പ്രത്യേകതയാണ്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാര്‍വതി മില്ലിന് സമീപം മൂന്നാമത്തെ മേല്‍പ്പാല നിര്‍മ്മാണം ഉടന്‍  ആരംഭിക്കും. ഇതോടെ നഗരത്തിലെ കാല്‍നടയാത്ര കൂടുതല്‍ സുഗമമാകും. എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാരായ എം എ സത്താര്‍, ഗിരിജ സുന്ദരന്‍, പി ജെ രാജേന്ദ്രന്‍, ചിന്ത എല്‍ സജിത്ത്, വി എസ് പ്രിയദര്‍ശനന്‍,  ഷീബാ ആന്റണി, ടി ആര്‍ സന്തോഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ  എ കെ ഹഫീസ്, ദീപാ തോമസ്, റീന സെബാസ്റ്റ്യന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ ഹരികുമാര്‍,അഡീഷണല്‍ സെക്രട്ടറി  എ എസ് നൈസാം, സൂപ്രണ്ടിങ് എഞ്ചിനീയര്‍ എം എസ് ലത  തുടങ്ങിയവര്‍ പങ്കെടുത്തു.