മൂന്നു പതിറ്റാണ്ടിന് ശേഷം പഴയ മുറി തേടി ചീഫ് സെക്രട്ടറി

post

കൊല്ലം : വര്‍ഷങ്ങള്‍ മുപ്പത്തിമൂന്ന് കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത സര്‍വീസ് ജീവിതത്തിലെ തുടക്കനാളുകളില്‍ ഉപയോഗിച്ചിരുന്ന മുറി മറന്നില്ല. കൊല്ലം കലക്ട്രേറ്റിലെ കലക്ടറുടെ പഴയ ചേംബറിന് സമീപത്തെ മുറിയില്‍ അദ്ദേഹം വീണ്ടുമെത്തി. 'ഇതായിരുന്നു എന്റെ മുറി' എന്നദ്ദേഹം സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍ ഉള്‍പ്പടെ തന്നെ അനുഗമിച്ച ഉദ്യോഗസ്ഥരോട് പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.

അസിസ്റ്റന്റ് കലക്ടര്‍ ട്രെയിനിയായാണ് 1987 ല്‍ അന്ന് കൊല്ലത്ത് വന്നത്. സി വി ആനന്ദബോസ് ആയിരുന്നു ജില്ലാ കലക്ടര്‍. പിന്നീട് അദ്ദേഹം മാറിയപ്പോള്‍ നീലഗംഗാധരന്‍ എത്തി. ഇവരുടെ കൂടെയാണ് സര്‍വീസിന്റെ തുടക്കനാളുകളില്‍ ജോലി ചെയ്തിരുന്നതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

അന്ന് കലക്ട്രേറ്റിലെ ക്ലര്‍ക്ക് ആയിരുന്ന ഇന്നത്തെ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുമീതന്‍ പിള്ളയോട് അന്നത്തെ എ ഡി എം അബ്ദുല്‍ ലത്തിഫിനെക്കുറിച്ച് ചീഫ് സെക്രട്ടറി ചോദിച്ചു. അന്ന് ക്ലര്‍ക്കായിരുന്ന ഫ്രാന്‍സിസ് ബോര്‍ജിയയെയും ചീഫ് സെക്രട്ടറി ഓര്‍ത്തു. കലക്ടറുടെ പഴയ ചേംബറും ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചു.

സര്‍വീസിന്റെ ഉന്നത പദവിയായ ചീഫ് സെക്രട്ടറി സ്ഥാനത്ത് എത്തിയശേഷം തുടക്കനാളുകളില്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ വീണ്ടും എത്തിയതിന്റെ ചാരിതാര്‍ത്ഥ്യവുമായാണ് ചീഫ് സെക്രട്ടറി കലക്ട്രേറ്റിന്റെ പടികളിറങ്ങിയത്.

കൊല്ലം റസ്റ്റ് ഹൗസില്‍ എത്തി ഉച്ചഭക്ഷണത്തിന് ശേഷം അന്ന് താമസിച്ചിരുന്ന മുറിക്ക് മുന്നില്‍ നിന്നും ഫോട്ടോ എടുത്ത ശേഷമാണ് ചീഫ് സെക്രട്ടറി മടങ്ങിയത്.