ആരോഗ്യ ജാഗ്രത: ഡ്രൈ ഡേ ആചരിച്ചു

post

എറണാകുളം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാരാജാസ് കോളേജില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഡെങ്കിപ്പനി പ്രതിരോധ ഭാഗമായുള്ള ഉറവിട നശീകരണത്തിന് ജില്ലാ നോണ്‍ കോവിഡ് സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. വിനോദ് പൗലോസ് നേതൃത്വം നല്‍കി. വെള്ളിയാഴ്ചയാണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഡ്രൈഡേ ആചരിക്കുന്നത്. 

ജില്ലയില്‍ ഈ വര്‍ഷം 2464 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒമ്പത് ഡെങ്കിപ്പനി മരണങ്ങളും സംഭവിച്ചു. അതിനാല്‍ ആരോഗ്യജാഗ്രത യുടെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം ഉറപ്പാക്കണമെന്ന് ഡോ. വിനോദ് പൗലോസ് പറഞ്ഞു. ഞായറാഴ്ചകളില്‍ വീടുകളിലും ചൊവ്വാഴ്ചകളില്‍ ഓഫീസുകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച ആശുപത്രികളിലും ആണ് ഡ്രൈഡേ ആചരിക്കുന്നത്.

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. ജയമോള്‍ കെ. വി., ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ സീനിയര്‍ ബയോളജിസ്റ്റ് അബ്ദുല്‍ ജബ്ബാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ് ബാബു വി., സിയാദ് പി. എ. മഹാരാജാസ് കോളേജിലെ അധ്യാപകര്‍, ശുചീകരണ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഡ്രൈ ഡേ ദിനാചരണത്തില്‍ പങ്കെടുത്തു.