കോളനികളില്‍ കോവിഡ് പ്രതിരോധവും നിരീക്ഷണവും ശക്തിപ്പെടുത്തും: മന്ത്രി ജെ മേഴ്‌സിസിക്കുട്ടിയമ്മ

post

കൊല്ലം: കോവിഡ് രോഗവ്യാപനം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന ശാസ്താംകോട്ട, ഇളമ്പള്ളൂര്‍, വെള്ളിമണ്‍ മേഖലകളിലെ കോളനികളില്‍ നിരീക്ഷണങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഐ സി യു ബെഡ്ഡുകളുടെ എണ്ണം വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു. എം പി മാരായ എ എം ആരിഫ്, കെ സോമപ്രസാദ്, എം എല്‍ എ മാരായ മുല്ലക്കര രത്‌നാകരന്‍ എം മുകേഷ്, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

തുടക്കം മുതല്‍ കൃത്യമായി കണ്ടയിന്‍ ചെയ്ത പ്രദേശങ്ങളില്‍ ഇപ്പോള്‍ പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി കുറഞ്ഞെന്നും പ്രാദേശിക സമ്പര്‍ക്കത്തെക്കാള്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള സമ്പര്‍ക്ക കേസുകളാണ് കൂടുതലെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. നിലവില്‍ കൊല്ലം കോര്‍പ്പറേഷന്‍, കരുനാഗപ്പള്ളി, പെരിനാട്, പേരയം, ശൂരനാട് മേഖലകളില്‍ നിന്നാണ് കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ കൂടുതലും പവിത്രേശ്വരം, പത്തനാപുരം, പുത്തൂര്‍ എന്നീ മേഖലകളിലാണ്.

കൊല്ലം താലൂക്കിലെ രോഗികള്‍ കുറവുള്ള  കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും കിടക്കകള്‍ മാറ്റി ജില്ലാ ആശുപതിക്ക് സമീപം ഏറ്റെടുത്ത കെട്ടിടത്തില്‍ സെക്കന്റ് ലൈന്‍ ചികിത്സാ കേന്ദ്രം ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പരാതിക്കിടവരാത്ത വിധം ടെലിമെഡിസിന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തി ഗൃഹചികിത്സയെ പ്രോത്സാഹിപ്പിക്കും. കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും ഒഴികെയുളളവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ വീടുകളില്‍ ഉറപ്പാക്കിയാണ് ഗൃഹചികിത്സ അനുവദിക്കുന്നത്. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ പഞ്ചായത്തുകള്‍ മുഖേന ശുചീകരണത്തൊഴിലാളികളെ നിയമിക്കുവാനും യോഗം തീരുമാനിച്ചു. 

സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ശ്രീലത എന്നിവര്‍ സംസാരിച്ചു. വെള്ളിമണ്‍ കോളനിയില്‍ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ടവര്‍ക്ക് ആരോഗ്യവകുപ്പിന്റെ മൊബൈല്‍ വാഹനം ഉപയോഗിച്ചുള്ള കോവിഡ് പരിശോധനകള്‍ ഇന്ന് നടക്കും.