നൂതന സാങ്കേതിക വിദ്യ സാധാരണക്കാരിലേക്കും; മണ്ണ് സംരക്ഷണ വകുപ്പില്‍ ഉദ്യോഗസ്ഥതല പരിശീലനം ആരംഭിച്ചു

post

ഇടുക്കി : സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ക്കായി  ജിയോസ്‌പേഷ്യല്‍ ടെക്‌നോളജിയെ കുറിച്ച് പത്ത് ദിവസത്തെ വെര്‍ച്വല്‍ പരിശീലന പരിപാടി ആരംഭിച്ചു. തൊടുപുഴയിലെ സോയില്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ര്! ഓഫീസില്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍  സോയില്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് സോയില്‍ സര്‍വ്വേ സംസ്ഥാന ഡയറക്ടര്‍ എസ്.സുബ്രഹ്മണ്യന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

വകുപ്പിന് കീഴിലെ വിവിധ സാങ്കേതിക വിദ്യകളെ കുറിച്ച് അജ്ഞരായ സാധാരണക്കാര്‍ക്ക് പോലും ഇവ ലളിതമായി മനസിലാക്കാന്‍ അവസരമുണ്ടാക്കുന്നതിനുള്ള ആദ്യപടിയാണ് ഉദ്യോഗസ്ഥ തലത്തിലുള്ള പരിശീലന പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന്

ഡയറക്ടര്‍ എസ്.സുബ്രഹ്മണ്യന്‍ പറഞ്ഞു. സോയില്‍ സര്‍വ്വേ വകുപ്പിന്റെ പക്കല്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ മണ്ണിന്റെ ഘടനയെ പറ്റിയുള്ള ഡാറ്റാ നിലവിലുണ്ട്. ഈ ഡാറ്റാ ദുരന്ത നിവാരണം പോലെ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമല്ല കൃഷി, ജലസേചനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കും കൂടി ഉപയുക്തമാണ്. ഇതിനായി ഡാറ്റായുടെ ഉപയോഗം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്  സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വകുപ്പിനെ സജ്ജമാക്കുക എന്നതാണ് ട്രെയിനിംഗിന്റെ ഉദ്ദേശ്യലക്ഷ്യം. സോയില്‍ സര്‍വ്വേ വകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട 36 ഉദ്യോഗസ്ഥര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.

മണ്ണ് പരിശോധന നടത്തുക, സാമ്പിള്‍ ശേഖരിക്കുക എന്നിവയുടെ അടിസ്ഥാനത്തില്‍ മണ്ണിന്റെ ഘടനയെപ്പറ്റി പഠിക്കുന്നതോടൊപ്പം ഇതിന്റെ ഭൂപടം തയ്യാറാക്കി വരും തലമുറക്കായി ആധുനിക സാങ്കേതിവിദ്യയിലൂടെ കൈമാറുക എന്നതാണ് ചെയ്യേണ്ടത്.

ഇത് ഒരു സാധാരണ പരിശീലന ക്ലാസ് എന്നതിലുപരി വകുപ്പിന് കീഴില്‍ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന വിവിധ പദ്ധതികളിലൂടെ തുടര്‍ പ്രക്രിയയാക്കി മാറ്റുക എന്ന ദീര്‍ഘകാല ലക്ഷ്യം കൂടി ട്രെയിനിങ്ങിന്റെ ഉദ്ദേശ്യമാണ്. ഇത്

വകുപ്പിന്റെ  മൊത്തം സാങ്കേതിക ഉണര്‍വിന് വഴിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ കേവലം കൃഷി എന്നതിലുപരി സാധാരണക്കാര്‍ക്കും കൂടി ഭൂപ്രകൃതിയെ കുറിച്ചുള്ള വൈജ്ഞാനിക തലത്തിന്റെ വലിയൊരു ജനാധിപത്യ വല്‍ക്കരണമാണ് ഉദ്ദേശിക്കുകുന്നതെന്ന് ഡയറക്ടര്‍ എസ്.സുബ്രഹ്മണ്യന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് കേരള  (ഐ.ഐ.ടി.എം.കെ.) യുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. ഐ.ഐ.ടി.എം.കെയിലെ അസി.പ്രൊഫ. റ്റി.രാധാകൃഷ്ണന്‍, സീനിയര്‍ ജിയോ സയന്റിസ്റ്റുമാരായ ആര്‍.അനീഷ് കുമാര്‍, എസ്.അഞ്ചു, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ പി.നിഖില്‍ എന്നിവരാണ് വിവിധ ദിവസങ്ങളിലെ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക.