ജൈവ വളത്തിന് സ്വന്തം ബ്രാന്റ്; മുസിരിസ് ഫെര്‍ട്ടിലൈസേഴ്‌സുമായി കൊടുങ്ങല്ലൂര്‍

തൃശൂര്‍: കോട്ടപ്പുറം ചന്തയിലെ തൊഴിലാളികളും വ്യാപാരികളും മാലിന്യം കളയാന്‍ ബുദ്ധിമുട്ടാറില്ല. മാര്‍ക്കറ്റിലേക്ക് മാലിന്യം ശേഖരിച്ച് വളമാക്കി മാറ്റാന്‍ തയ്യാറുള്ള നഗരസഭയുള്ളപ്പോള്‍ അവരെന്തിന് ബുദ്ധിമുട്ടണം. കോട്ടപ്പുറം മാര്‍ക്കറ്റില്‍ ആഴ്ചയില്‍ രണ്ട് ദിവസത്തെ ചന്തകളില്‍ നിന്നും ലഭിക്കുന്ന വാഴയില ഉള്‍പ്പെടെയുള്ള ജൈവമാലിന്യം ശേഖരിച്ചുവളമാക്കി മാറ്റുകയാണ് കൊടുങ്ങല്ലൂര്‍ നഗരസഭ. ശാസ്ത്രീയമായി നിര്‍മ്മിച്ച കൊടുങ്ങല്ലൂരിന്റെ സ്വന്തം ജൈവവളം മുസിരിസ് ഫെര്‍ട്ടിലൈസേഴ്‌സ് എന്ന ബ്രാന്റിലാണ് നഗരസഭ പുറത്തിറക്കുന്നത്. ടി.കെ.എസ് പുരത്തുള്ള ബയോ കമ്പോസ്റ്റിംഗ് പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവ വളം അന്‍പത്, ഇരുപത്, പത്ത് കിലോഗ്രാം പാക്കുകളിലായാണ് വിപണിയില്‍ എത്തുക. പച്ചക്കറികള്‍ ഉള്‍പ്പെടെ എല്ലാ വിളകള്‍ക്കും ഈ വളം ഉപയോഗിക്കുവാന്‍ കഴിയും. ഒരു കിലോ വളത്തിന് 14 രൂപയും മൊത്തമായെടുക്കുമ്പോള്‍ 12 രൂപ വിലയ്ക്കും നല്‍കും. കൃഷിഭവനുകള്‍ വഴി വാങ്ങുന്നവര്‍ക്ക് ഒന്‍പത് രൂപ സബ്‌സിഡി നല്‍കുന്നതിനാല്‍ കിലോയ്ക്ക് മൂന്ന് രൂപക്ക് ലഭിക്കും.
വാഴയില ഉള്‍പ്പെടെയുള്ള ജൈവ മാലിന്യത്തില്‍ നിന്നുമാണ് ആദ്യ ഘട്ടത്തില്‍ ജൈവവളം നിര്‍മ്മിക്കുന്നത്. ടി.കെ.എസ്. പുരം പ്ലാന്റില്‍ സംസ്‌ക്കരിക്കുന്ന മാര്‍ക്കറ്റ് വേസ്റ്റില്‍ നിന്നുമാണ് ഈ വളം ഉല്‍പ്പാദിപ്പിക്കുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെ ചെറുകഷണങ്ങളാക്കി മാറ്റുന്ന മാലിന്യം അനുയോജ്യമായ ഇനോക്കുലത്തിന്റെ സഹായത്തോടെ വിഘടിപ്പിച്ചതിന് ശേഷം ഗുണമേന്മ നിര്‍ണയത്തിന് വിധേയമാക്കുകയും പോരായ്മയുള്ള മൂലകങ്ങള്‍ അടങ്ങിയ ജൈവ വസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ നിന്നും രൂപം നല്‍കിയ നാട്ടുപച്ച ഗ്രൂപ്പിനാണ് വളത്തിന്റെ നിര്‍മ്മാണം മുതല്‍ വിപണനം വരെയുള്ള ചുമതല നല്‍കിയിരിക്കുന്നത്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഐ.ആര്‍.ടി.സിയുടെ സാങ്കേതിക സഹായത്തോടെയാണ് പ്ലാന്റ് പ്രവര്‍ത്തനം നടത്തുന്നത്. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനായി രണ്ട് വിദഗ്ദരുടെ സേവനവുമുണ്ട്.
നഗരത്തിലെ മുഴുവന്‍ കോഴി മാലിന്യവും ശേഖരിച്ച് വളമാക്കാന്‍ മാറ്റുന്ന പദ്ധതിയും ഇതിന്റെ തുടര്‍ച്ചയായി നടത്തുമെന്നും അതിലൂടെ എല്ലുപൊടിയില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങള്‍ എം.ബി.എഫ് എന്ന നഗരസഭയുടെ വളത്തില്‍ ഉറപ്പ് വരുത്തുമെന്നും പ്ലാന്റ് കോര്‍ഡിനേറ്റര്‍ വി.എസ്. ശ്രീജിത്ത് പറഞ്ഞു. കൂടാതെ വളം ഉല്‍പ്പാദിപ്പിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് സഹായകമാകുന്ന മറ്റു സംവിധാനങ്ങളും പ്ലാന്റില്‍ ഒരുക്കും. മുസിരിസ് അര്‍ബന്‍ പ്രൊഡക്റ്റ്‌സ് എന്ന ബ്രാന്റില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ പറഞ്ഞു.
ജൈവ വളത്തിന്റെ വിപണനോദ്ഘാടനം അഡ്വ. വി. ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ കെ. ആര്‍. ജൈത്രന്‍ അധദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും.