ചിറ്റുമലയില്‍ ലൈഫ് കുടുംബസംഗമം നടത്തി

post

കൊല്ലം : ജി എസ് ടി വിഹിതം യഥാസമയം നല്‍കാതെ സംസ്ഥാന സമ്പദ് വ്യവസ്ഥയെ തകിടം മറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തുന്നതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്തിയ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അര്‍ഹതട്ടെ 3000 കോടിയിലധികം രൂപയാണ് യാതൊരു കാരണവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ഈ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വികസന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നേറുകയാണ്. ജനുവരി 26 ഓടെ സംസ്ഥാനത്ത് രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് വീടു നല്‍കാന്‍ സാധിക്കും. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം വീട് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. വീട് ലഭിച്ചവരേക്കാള്‍ വളരെക്കുറച്ച് പേര്‍ നടത്തുന്ന ദുഷ്പ്രചരണത്തിന് പ്രാധാന്യം ലഭിക്കുന്നത് അംഗീകരിക്കാനാവില്ല. മൂന്നാം ഘട്ടത്തില്‍ സ്ഥലവും വീടും ഇല്ലാത്ത പാവങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യം പരിഗണിക്കും. ഇവര്‍ക്ക് ഫ്‌ളാറ്റ് മാതൃകയില്‍ വീട് നിര്‍മിച്ച് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
ചിറ്റുമല ബ്ലോക്കില്‍ ഒന്നാം ഘട്ടത്തില്‍ 150 വീടുകള്‍ പൂര്‍ത്തീകരിച്ചു. 2,27,07840 രൂപയാണ് പദ്ധതിക്കായി ചെലവായത്. രണ്ടാം ഘട്ടത്തില്‍ 632 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു നല്‍കി. കശുവണ്ടി മേഖലയുടെ വികസനത്തിന് നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.   കാഷ്യൂ ബോര്‍ഡ് രൂപീകരിച്ച് 250 കോടി രൂപയുടെ തോട്ടണ്ടി വാങ്ങി നല്‍കി. കുടിശികയായിരുന്ന ഗ്രാറ്റുവിറ്റികള്‍ കൊടുത്തു. ഇത്രയൊക്കെ ചെയ്തിട്ടും ഒന്നും ചെയ്തിട്ടില്ലെന്ന് തരത്തിലുള്ള പ്രചരണങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
  കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു, ജില്ലാ പഞ്ചായത്ത് അംഗം കെ രാജശേഖരന്‍, കയര്‍ഫെഡ് ഡയറക്ടര്‍ എസ് എല്‍ സജികുമാര്‍, കെപ്‌കോ ചെയര്‍പേഴ്‌സണ്‍ ജെ ചിഞ്ചു റാണി, മില്‍മ തിരുവനന്തപുരം യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ പിള്ള, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷീല, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബുരാജന്‍, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്റ്റാന്‍ലി യേശുദാസന്‍, കിഴക്കേക്കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശോഭ, ജനപ്രതിനിധികളായ പ്ലാവറ ജോണ്‍ ഫിലിപ്പ്, തങ്കമണി ശശിധരന്‍, സി സന്തോഷ്, സിന്ധുമോഹന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം എസ് അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.