പ്രതിസന്ധികളെ തരണം ചെയ്യാന്‍ സ്വീകരിച്ച ഐക്യം നിലനിര്‍ത്തണം: മുഖ്യമന്ത്രി പിണറായി വിജയന്‍

post

തൃശൂര്‍ : സംസ്ഥാനത്ത് കോവിഡ് മഹാമാരി പോലുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി നാം സ്വീകരിച്ചു വരുന്ന ഐക്യം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിക ലുലു കോവിഡ് 19- ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനകീയമായി മുന്നോട്ടു കൊണ്ടു പോകാന്‍ സാധിച്ചത് ലോകത്തിന് തന്നെ ഉദാത്ത മാതൃകയായി. എല്ലാതരം സൗകര്യങ്ങളോടെയുമുള്ള കേരളത്തിലെ മികച്ച കോവിഡ് സെന്ററായ നാട്ടിക ലുലു സി എഫ് എല്‍ ടി സി കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഒന്നാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തിന് മാതൃകയായ കോവിഡ് പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ ലുലു ഗ്രൂപ്പ് സിഎംഡി പത്മശ്രീ ഡോ. എം എ യൂസഫലി പറഞ്ഞു. അമേരിക്ക പോലും കോവിഡിന് മുന്നില്‍ പകച്ചുപോയ സാഹചര്യത്തില്‍ കേരളം മികച്ച പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നുവെന്നതില്‍ അഭിമാനമുണ്ടെന്നും എം എ യൂസഫലി വ്യക്തമാക്കി. യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, ടി എന്‍ പ്രതാപന്‍ എം പി, എം എല്‍ എമാരായ ഗീതാ ഗോപി, മുരളി പെരുനെല്ലി, കെ വി അബ്ദുള്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവന്‍, ഡി പി എം ഡോ.ടി വി സതീശന്‍ തുടങ്ങിയവര്‍ നാട്ടിക ലുലു സി എഫ് എല്‍ ടിസിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ എസ് ഷാനവാസ് സ്വാഗതവും ഡി എം ഒ ഡോ. കെ ജെ റീന നന്ദിയും പറഞ്ഞു.

1400 രോഗികള്‍ക്ക് ചികിത്സാ സൗകര്യമുള്ള കേരളത്തിലെ ഏറ്റവും വലിയ സി എഫ് എല്‍ ടി സിയാണ് നാാട്ടികയില്‍ തുറന്നത്. 60 ഡോക്ടര്‍മാരുടെയും 100 നഴ്‌സ്മാരുടേയും സേവനമുണ്ടാകും. കുടിവെള്ള സൗകര്യം, വാട്ടര്‍ ഫില്‍റ്റര്‍, ഹോട്ട് വാട്ടര്‍ സൗകര്യം, വാഷിങ് മെഷീന്‍സ്, ബാത്ത് -ടോയലറ്റ്‌സ്, മാലിന്യ സംസ്‌കരണ സംവിധാനം, ടിവി, വൈഫൈ എന്നിവയും വിനോദത്തിനായി റിക്രിയേഷന്‍ ക്ലബ്, കാരംസ്, ആമ്പല്‍ക്കുളം, ഉദ്യാനം എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ഗവ. എന്‍ജിനീയറിങ് കോളേജ് ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഇ ബൈക്കിലാണ് ഭക്ഷണ വിതരണം നടത്തുക. പരിശീലനം ലഭിച്ച 200 വളന്റിയര്‍മാരും സേവനത്തിനുണ്ടാകും. രോഗികളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനവും ഇവിടെ ലഭ്യമാകും