സംസ്ഥാനത്ത് പുതിയ അഞ്ച് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് വനിതാ പോലീസ് സ്റ്റേഷനുകള്‍ കൂടി പുതുതായി  ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊന്മുടി, വര്‍ക്കല എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച പുതിയ പോലീസ് സ്റ്റേഷന്‍ മന്ദിരങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് സേനയിലെ സമയബന്ധിതമായ പരിഷ്‌കരണം പൊതുജനങ്ങള്‍ക്ക് ഫലപ്രദമായി പോലീസ് സേവനങ്ങള്‍ എത്തിക്കാന്‍ സഹായിക്കുമെന്നും ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതുവഴി കൂടുതല്‍ ജാഗ്രതയോടെ പോലീസ് സേനയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ സ്വാഗതം ആശംസിച്ചു. ആധുനികസൗകര്യങ്ങളോട് കൂടി 1.40 കോടി രൂപ വീതം ചെലവഴിച്ചു തനതു കേരളീയ ശൈലിയിലാണ് ജില്ലയിലെ രണ്ടു കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനായിരുന്നു നിര്‍മാണച്ചുമതല.  പരിമിതമായ സാഹചര്യങ്ങളിലായിരുന്നു സ്റ്റേഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.  പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പുറമെ ഭിന്നലിംഗക്കാര്‍ക്കും പ്രത്യേകം സെല്‍ ഒരുക്കിയിരിക്കുന്നത് മാതൃകാപരമാണ്.

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനു ശേഷം ഇരു സ്റ്റേഷനുകളിലും പൊതുയോഗം സംഘടിപ്പിച്ചു. വര്‍ക്കല സ്റ്റേഷനില്‍ വി.ജോയ് എം.എല്‍.എ-യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റൂറല്‍ എസ്.പി. ബി.അശോകന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് മറ്റ് ജനപ്രതിനിധികള്‍, സേനാംഗങ്ങള്‍  എന്നിവര്‍ പങ്കെടുത്തു.

പൊന്മുടി സ്റ്റേഷനില്‍ ഡി.കെ. മുരളി എം.എല്‍.എ-യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി സഞ്ജയ്കുമാര്‍ ഗുരുദിന്‍ മുഖ്യസന്ദേശം നല്‍കിയ ചടങ്ങില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രന്‍, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി, മറ്റ് ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു രണ്ടിടത്തും ചടങ്ങുകള്‍ സംഘടിപ്പിച്ചത്.