നെടുമങ്ങാട് ഗവ: ജി.എച്ച്.എസ്.എസിന് പുത്തന്‍ ഹൈടെക്ക് മന്ദിരം

post

തിരുവനന്തപുരം:  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മിച്ച ഹൈ-ടെക് മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് ഉദ്ഘാടനം നടന്നത്. കിഫ്ബിയുടെ സഹായത്തോടെ അഞ്ചു കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളിലെ ഹൈ-ടെക് മന്ദിരം നിര്‍മിച്ചത്. സ്‌കൂളില്‍ സംഘടിപ്പിച്ച പ്രത്യേക യോഗം സി. ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ സര്‍വതല സ്പര്‍ശിയായ നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തി വരുന്നതെന്ന് എം.എല്‍.എ പറഞ്ഞു.       സ്‌കൂളിന് സ്റ്റേഡിയം നിര്‍മിക്കാനാവശ്യമായ സഹായം നല്‍കുമെന്നും എം.എല്‍.എ അറിയിച്ചു. നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ അക്കാദമിക നിലവാരവും പശ്ചാത്തല സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ചരിത്രനിമിഷം കൂടിയാണിതെന്നും എംഎല്‍എ പറഞ്ഞു. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, മള്‍ട്ടിമീഡിയ തിയേറ്റര്‍ സമുച്ചയം, ഹൈ-ടെക് ലാബുകള്‍, ടാലന്റ് ലാബുകള്‍, റിക്രിയേഷന്‍ ക്ലബ് ആധുനിക കിച്ചന്‍, ഡൈനിങ് റൂം എന്നിവ അടങ്ങുന്നതാണ് നെടുമങ്ങാട് ഹൈ-ടെക് മന്ദിരം.

നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ലേഖാ വിക്രമന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍ റ്റി.അര്‍ജുനന്‍, ആറ്റിങ്ങല്‍ ഡി.ഇ.ഒ സിന്ധുകുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എംആര്‍.മീന, പി.റ്റി.എ പ്രസിഡന്റ് പേരയം ജയന്‍, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ദാസ്, വൈസ് പ്രിന്‍സിപ്പാള്‍ ഹരിദാസന്‍, അധ്യാപകര്‍, കൈറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.