സ്വകാര്യസഹകരണ ആശുപത്രികളില്‍ അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം : ജില്ലാ കലക്ടര്‍

post

കൊല്ലം : ജില്ലയില് 100 കിടക്കകളില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സ്വകാര്യസഹകരണ ആശുപത്രികളില്‍ അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികളെ അവരുടെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ ആശുപത്രികളിലെ സ്ഥിരം ഐ സി യു വില്‍ പ്രവേശിപ്പിക്കാതെ ഉടന്‍ ചികിത്സ നല്‍കുന്നതിനായി പ്രത്യേകം താത്കാലിക  ഐ സി യു സജ്ജമാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.

ഹൃദയസ്തംഭനം തുടങ്ങി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക്   അടിയന്തര വൈദ്യസഹായമാവശ്യമുളള ഘട്ടങ്ങളില്‍ പോലും ജില്ലയിലെ സര്‍ക്കാരിതര ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന ഇത്തരം രോഗികളെ പ്രാഥമികമായി കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിന് ശേഷം മാത്രം ചികിത്സ നല്‍കിയ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.  പരിശോധനാഫലം പോസിറ്റീവ് ആകുന്നപക്ഷം രോഗികളെ സര്‍ക്കാര്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് അയക്കുന്ന പ്രവണതയും സ്ഥിതി ഗുരുതരമായതിന് ശേഷം മാത്രം രോഗിയെ സര്‍ക്കാര്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കെത്തിച്ച സംഭവങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  

താത്കാലിക ഐ സി യു കളില്‍ പോസിറ്റീവ് കേസുമായി സമ്പര്‍ക്കമുളളവര്‍, കണ്ടയിന്‍മെന്റ് സോണില്‍ നിന്നും വരുന്നവര്‍, കേരളത്തിന് പുറത്ത് നിന്നും എത്തി 14 ദിവസം പൂര്‍ത്തിയാക്കാത്തവര്‍, ഇന്‍ഫഌവന്‍സ ലക്ഷണം പ്രകടിപ്പിക്കുന്നവര്‍ തുടങ്ങിയവരെ പ്രവേശിപ്പിക്കണം.

ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തി കോവിഡ് പോസിറ്റീവായി സ്ഥിരീകരിക്കപ്പെടുന്നവരെ തുടര്‍ന്ന് ചികിത്സിക്കുവാന്‍ സ്വകാര്യ ആശുപത്രികളില്‍ ഐ സി യു വാര്‍ഡ്  ഒരുക്കണം.

സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളള്‍ക്ക് കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാലുടന്‍ അവിടം അണുനശീകരണം നടത്തുവാന്‍ സദാസമയവും പ്രവര്‍ത്തിക്കുന്ന ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം രൂപീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കണം.

കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുതിന് അംഗീകാരം ലഭിച്ച സ്വകാര്യസഹകരണ ആശുപത്രികളില്‍ കണ്ടെത്തുന്ന പോസിറ്റീവ് കേസുകള്‍ക്ക് അതേ ആശുപത്രിയില്‍ തന്നെ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.

ഗുരുതര സാഹചര്യങ്ങളില്‍ സ്വകാര്യസഹകരണ ആശുപത്രികളില്‍ നിന്നും  സര്‍ക്കാര്‍ ചികിത്സ കേന്ദ്രങ്ങളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും ജില്ലാ ആശുപത്രിയിലേക്കും രോഗികളെ മാറ്റേണ്ടി വന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) അനുമതി വാങ്ങിയതിനു ശേഷം മാത്രമേ മാറ്റാവൂ.

ജില്ലയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ള  സ്വകാര്യ ആശുപത്രികളില്‍ സസ്‌പെക്ട് വാര്‍ഡ്(suspect ward), സസ്‌പെക്ട് ഐ സി യു(Suspect ICU), കണ്‍ഫേംഡ് വാര്‍ഡ്(Confirmed ward), കണ്‍ഫേംഡ് ഐ സി യു(Confirmed ICU) എന്നിങ്ങനെ പ്രത്യേകം വിഭാഗങ്ങള്‍ തിരിച്ചും രോഗികളെ ചികിത്സിക്കുന്നതിനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.സ്വകാര്യസഹകരണ ആശുപത്രികളില്‍ കോവിഡ് ചികിത്സ തേടുന്നവരില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിയിരിക്കുന്ന ഫീസ് മാത്രമേ ഈടാക്കാവൂ.