2100കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെന്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്മെന്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച സര്‍വകക്ഷി യോഗം ചേര്‍ന്നു. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ യോഗം പിന്തുണച്ചയായി മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതി വിഹിതത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഫണ്ട് കൈമാറുന്നുണ്ട്. അതിനുപരിയായി ലോകബാങ്കില്‍നിന്നുള്ള വായ്പയാണ് കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിലൂടെ ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ലോകബാങ്കിന്റെ വിഹിതം 1470 കോടി രൂപയും കേരള സര്‍ക്കാരിന്റെ വിഹിതം 630 കോടി രൂപയുമാണ്. പ്രത്യേക പദ്ധതിക്കായി നല്‍കുന്ന വായ്പയായതിനാല്‍ ലോകബാങ്ക് പൊതുവായ നിബന്ധനകളൊന്നും വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ശാക്തീകരണവും സാങ്കേതിക പിന്തുണയുമാണ് ആദ്യത്തേത്. പ്രാദേശിക പശ്ചാത്തല സൗകര്യങ്ങള്‍, സാനിറ്റേഷന്‍ രംഗത്ത് അധിക വിഭവങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഏകോപനവും പ്രകൃതി സൗഹൃദമായ പുനഃചംക്രമണവും പദ്ധതിയുടെ ലക്ഷ്യമാണ്. പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും പ്രത്യേക സംവിധാനമുണ്ടാകും. പദ്ധതി കാലാവധി ആറുവര്‍ഷമാണ്.

ഒന്നും രണ്ടും ഘടകങ്ങള്‍ക്ക് ശുചിത്വ മിഷനും മൂന്നാമത്തേതിന് നഗരത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ് നടത്തിപ്പ് മേല്‍നോട്ടം. 93 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 183 ഗ്രാമപഞ്ചായത്തുകള്‍ക്കും ഈ പ്രോജക്ടിന്റെ ഗുണം ലഭിക്കും. പ്രോജക്ടിന്റെ ഭാഗമായി പ്രാരംഭ പഠനം നടത്താനും വിശദമായ പ്രോജക്ടുകള്‍ നടത്താനും വിവിധ ചട്ടങ്ങളുടെ പരിപാലനം നിരീക്ഷിക്കാനും സര്‍ക്കാരിന്റേയും ലോകബാങ്കിന്റേയും മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താനും സര്‍ക്കാരിനെ സഹായിക്കാന്‍ കണ്‍സള്‍ട്ടന്റുകള്‍ ഉണ്ടാകും. ഗ്ലോബല്‍ ബിഡ്ഡിങിലൂടെയാണ് കണ്‍സള്‍ട്ടന്റുകളെ ഇതിനായി തിരഞ്ഞെടുക്കുക.